Home » Blog » Kerala » “മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ, ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലല്ലോ?, ഭക്ഷണം കഴിക്കുന്നത് അനൗചിത്യമാകുന്നതെങ്ങനെ?” – വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ
4

മലപ്പുറം: മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ. ‘മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ, ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലല്ലോ?’ എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം. അതിന്റെ ചിത്രങ്ങൾ ഈ രീതിയിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതാണ്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം വെച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യമാകുന്നതെങ്ങനെയാണ്? ഇത് രാഷ്ട്രീയമാണ്. വിഷയം വഴിതിരിച്ചുവിടുകയാണ്” – നൗഷാദ് അലി ചൂണ്ടിക്കാട്ടി.

അങ്ങനെ എങ്കിൽ പതിറ്റാണ്ടുകളായി പൊന്നാനിയിൽ സിപിഎം എംഎൽഎ ആയിരുന്നു. കഴിഞ്ഞ 10 വർഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും രാഷ്ട്രീയം പറയുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

പൊന്നാനിയിലെ കടലാക്രമണം സംബന്ധിച്ച വിഷയത്തിലും എം.എൽ.എ പ്രതികരിച്ചു. എല്ലാ വർഷവും 50 ഓളം മീറ്റർ തീരം കടൽ എടുക്കുന്നുണ്ട്. കാപ്പിരിക്കാട് മുതൽ അഴീക്കൽ വരെ പത്തര കിലോമീറ്ററാണ് പൊന്നാനി മണ്ഡലത്തിലെ തീരദേശം. ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് നിലവിൽ കടൽഭിത്തിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തുകയും ബാക്കി തുക നബാർഡിൽ നിന്ന് ഉൾപ്പെടെ കടമെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.പി.ആർ പ്രവർത്തി നടന്നുവരികയാണ്. അതിന് രണ്ടുമൂന്ന് വർഷം എടുക്കും. പക്ഷെ അതുവരെ കാത്തിരിക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള പരിഹാരമാണ് ആവശ്യമെന്നും നൗഷാദ് അലി പറഞ്ഞു. കമ്പനികളിൽ നിന്ന് സി.എസ്.ആർ ഫണ്ട് തേടുന്നുണ്ട്. കടൽക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകം കടൽഭിത്തി നിർമിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രശ്നബാധിതരെ വാടകവീട്ടിലേക്ക് മാറ്റാനും മുൻകൈ എടുക്കുന്നുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.