ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖം നഷ്ടമായി വി.ഡി.സതീശന്. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ പ്രശ്നത്തില്‍ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് സതീശന്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലിക്കോപ്റ്റർ വാടകയ്ക്കെടുത്തതിന് ധൂർത്തിന്റെ അങ്ങേയറ്റം എന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ വിമർശിച്ചത്.
സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് എന്നായിരുന്നു സതീശന്റെ പ്രതികരണം. ഇതെല്ലാം മുഖ്യമന്ത്രിയായപ്പോള്‍ സതീശന് വിഴുങ്ങി എന്നതായിരുന്നു ആക്ഷേപം. പിണറായി വിജയന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെങ്കില്‍ സ്വന്തം ആവശ്യത്തിനായി സതീശന് കൊച്ചിയിലേക്ക് പറന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ വിവാദത്തില്‍ യുഡിഎഫ് നേതൃത്വം നിശബ്ദത പാലിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പറന്നതാണു പ്രതിപക്ഷം ആയുധമാക്കിയത്.
ഭാര്യാപിതാവിനെ കാണാനാണു മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് ആരോപണം. ചില ഒൗദ്യോഗിക കൂടിക്കാഴ്ചകൾ കൊച്ചിയിലുണ്ടായിരുന്നു. അതിനു വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇതിനിടെ, രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെയും സന്ദർശിച്ചു. ഇതാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ നല്കുന്ന വിശദീകരണം. ആദ്യം കൊച്ചിയിലേക്ക് പറന്നെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ തിരിച്ചു പറന്നു. രണ്ടാമത് ശ്രമത്തിലാണ് കൊച്ചിയിലേക്ക് പറക്കാനും ഇറങ്ങാനും കഴിഞ്ഞത്. മുഖ്യമന്ത്രിയുമായി രാവിലെ ഒൻപതരയ്ക്ക് കൊച്ചിയിലേക്കു പറന്നു. മോശം കാലാവസ്ഥ മൂലം തിരുവനന്തപുരത്ത് തിരിച്ചിറക്കി. ശേഷം പിന്നീടാണ് കൊച്ചിയിലേക്ക് വീണ്ടും പറന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊച്ചിയിലേക്കു തിരിച്ച ഹെലികോപ്റ്റർ 2 മണിയോടെ നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു.
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ ആവശ്യത്തിന് യാത്ര ചെയ്ത സംഭവത്തിൽ പരിഹാസവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്തെത്തി. കാറിൽ പോയാൽ ചെലവാകുന്ന പെട്രോൾ ലാഭിക്കാൻ വേണ്ടിയാകും ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. മുൻ മുഖ്യമന്ത്രി എന്തിനെല്ലാം ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നു, അതിനെല്ലാം ഇപ്പോഴത്തെ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. ഹെലികോപ്റ്റർ വെറുതെ കിടന്നു നശിച്ചു പോകാതിരിക്കാൻ അത് ഉപയോഗിക്കുന്നത് നാട്ടിന് ഗുണകരമാണെന്ന രീതിയിലുള്ള ന്യായീകരണമായിരിക്കും വരാനിരിക്കുന്നത്. രാജീവ് പറഞ്ഞു.
സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രിമാരായ എംബി രാജേഷും വി. ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽ…’ എന്ന വിടി ബൽറാമിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയും രംഗത്തുവന്നു. ‘ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ, ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽ ഏഴെട്ടുപേരെ വെടിവെച്ച് കൊല്ലാമായിരുന്നു’ എന്നായിരുന്നു വിടി ബൽറാം അന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മുഖ്യമന്ത്രി ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചത് യുഡിഎഫിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. എന്തായാലും ഹെലികോപ്റ്റര്‍ പ്രശ്നത്തില്‍ സതീശന് എയറിലായ അവസ്ഥയിലാണ്.
