തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പുനര്‍ജനി കേസ് പിന്‍വലിച്ച തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. “കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരന് നോട്ടീസ് നല്‍കിയോ? സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ ആരംഭിച്ചതാണ് പുനര്‍ജനി പദ്ധതി. കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുതാര്യമല്ലാതെയായിരുന്നു ഫണ്ട് കളക്ഷന്‍. അതില്‍ വി ഡി സതീശന് നേരിട്ട് ഭാഗമായി. മണപ്പാട് ഫൗണ്ടേഷനാണ് പണമിടപാട് നടത്തിയത്. മണപ്പാട് ഫൗണ്ടേഷന്റെ പദ്ധതി പുനര്‍ജനി പദ്ധതിയായി എംഎല്‍എ നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. പണം സമാഹരിച്ചത് സതീശന് ആണെന്ന് പരാതി ഉയര്‍ന്നു. പണം വിനിയോഗിച്ചതിനെ കുറിച്ചും പരാതിയുണ്ട്. ധനസഹായത്തിനായി വിദേശത്ത് യോഗം വിളിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. മണപ്പാട് ഫൗണ്ടേഷന് പണം സമാഹരിച്ചതിന്റെയും ചെലവഴിച്ചതിന്റെയും അടിസ്ഥാനം എന്താണ്?” – എന്നും പിണറായി വിജയന് ചോദിച്ചു.
ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും വ്യക്തിപരമായി എടുക്കാന്‍ പറ്റുന്ന തീരുമാനം അല്ല ഇതെന്നും മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
