കൊച്ചി: ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയെത്തുടർന്ന് മൂന്ന് പേരുടെ ജീവൻ നഷ്ടമായതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. ഇടുക്കിയിലെ അടൂര്‍മലയിലും കോലാഹലമേട്ടിലും കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുമുണ്ടായ പ്രകൃതിദുരന്തത്തില്‍ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മയായ സുമതിയാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അടൂര്‍മല സ്വദേശി രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തിന് 500 അടിയോളം താഴെ നിന്ന് കണ്ടെത്തിയത്.
സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന രവിയെയും മകന് രാജേഷിനെയും അത്ഭുതകരമായാണ് രക്ഷിച്ചത്. പരിക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏറെ ദുഷ്കരമായിരുന്നു അടൂർമലയിലെ രക്ഷാപ്രവർത്തനം. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായിരുന്നു.
പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 26കാരന് ജീവന് നഷ്ടമായി. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ജോണിയുടെ മകന് ജോസ്വിന് ആണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. മലയില്‍ നിന്ന് ഉരുള്‍ പൊട്ടി വരികയായിരുന്നുവെന്ന് പ്രദേശവാസിയായ മനീഷ് പറഞ്ഞു.
