Home » Blog » Kerala » ​കോഴിയിറച്ചി വിലയിൽ വൻ ഇടിവ്; കാസർഗോഡ് വിപണിയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം.
images (19)

കാസർകോട് ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കോഴിവിലയിൽ ഗണ്യമായ കുറവുണ്ടായി. നിലവിൽ ജില്ലയിൽ കോഴിക്ക് 144 രൂപയും ഇറച്ചിക്ക് 264 രൂപയുമാണ് വില. നീലേശ്വരം മേഖലയിൽ കോഴിവില 150 രൂപയാണ്. കഴിഞ്ഞ മാസം 155 രൂപയും ഏപ്രിലിൽ 130 രൂപയുമായിരുന്ന സ്ഥാനത്താണിത്. ജൂലൈ 9-ന് 180 രൂപയായിരുന്ന വിലയാണ് ഇപ്പോൾ കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജൂലൈയിൽ 140 രൂപയും, ജൂണിൽ 120 രൂപയും, ഏപ്രിലിൽ 110 രൂപയുമായിരുന്നു വില. കർണാടക, തമിഴ്നാട് വിപണികളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ കോഴിവില നിശ്ചയിക്കുന്നത്. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 400 രൂപ വർധിച്ചത് ഉൽപാദനച്ചെലവ് കൂടാനും ഉൽപാദനം കുറയാനും ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കി.

 

ജില്ലയിൽ നാടൻ മത്തി, അയല, നത്തോലി തുടങ്ങിയവ വിപണിയിൽ എത്തിത്തുടങ്ങിയത് ഇറച്ചി വിപണിയിലെ വിലയിടിവിന് കാരണമായിട്ടുണ്ട്. എന്നാൽ മീൻ വിലയിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. നിലവിൽ ചെമ്മീന് 230 രൂപയും, മത്തിക്ക് 300 രൂപയും, അയലയ്ക്ക് 250 രൂപയുമാണ് വിപണി വില.

 

അതേസമയം പച്ചക്കറി വിപണിയിൽ ചില ഇനങ്ങളുടെ വില ഉയർന്നിട്ടുണ്ട്. 24 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 12 രൂപ വർധിച്ചു. ഉള്ളി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെ മഴയാണ് വില വർധനവിന് കാരണം. ഉണക്കഇഞ്ചിക്ക് 80 രൂപ കൂടി 200 രൂപയിലെത്തി. ചേനയ്ക്ക് 20 രൂപ വർധിച്ച് 70 രൂപയും നേന്ത്രപ്പഴത്തിന് 10 രൂപ കൂടി 60 രൂപയുമായി. എന്നാൽ തക്കാളി വില 10 രൂപ കുറഞ്ഞ് 20 രൂപയിലെത്തി. പയർ 60, കാരറ്റ് 70, കാബേജ് 50, ഉരുളക്കിഴങ്ങ് 30, പച്ചമുളക് 50, ബീൻസ് 50, കോവയ്ക്ക 50, വെണ്ടയ്ക്ക 50, മുരിങ്ങക്കായ 80, വെള്ളരി, കുമ്പളങ്ങ, മത്തങ്ങ എന്നിവയ്ക്ക് 30 രൂപ എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില നിലവാരം. വരാനിരിക്കുന്ന ഓണം വിപണിയിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.