Home » Blog » Kerala » വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളുമായി എലി മുങ്ങി; പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങൾ മാളത്തിൽ നിന്ന് കണ്ടെടുത്തു.
images (32)

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണ്ണ മാലകളും കാണാതായ സംഭവത്തിൽ മോഷണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി ജീവനക്കാർ. ആളുകളാരുമല്ല, ഒരു എലിയാണ് ഈ വൻ കവർച്ചയ്ക്ക് പിന്നിൽ. കർണാടകയിലെ തുമകുരു ജില്ലയിലുള്ള ‘വിശ്വാസ് ജ്വല്ലേഴ്‌സിലാണ്’ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ കട തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിക്കുന്നത്.

 

ആഭരണങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അസാധാരണമായ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കാണാതായ സ്വർണ്ണ മോതിരങ്ങൾക്ക് പുറമെ, അവയിൽ ഘടിപ്പിച്ചിരുന്ന പ്രൈസ് ടാഗുകളും കാണാനില്ലായിരുന്നു. ആരെങ്കിലും ആഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ടെങ്കിൽ അവർ സ്വർണ്ണം മാത്രമേ എടുക്കൂ, ടാഗുകൾ വിട്ടിട്ടുപോകും. ടാഗുകൾ പോലും കാണാതായതോടെയാണ് അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പിച്ചത് എന്ന് കട ഉടമ പറഞ്ഞു.

 

സംശയം ബലപ്പെട്ടതോടെ കടയിലെ അന്നത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പുലർച്ചെ 4:30 ഓടെ ഒരു എലി സ്വർണ്ണ മോതിരവും വലിച്ച് ഓടിപ്പോകുന്ന ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ അമ്പരന്നു. തുടർന്ന് കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിൽ എലികളുടെ മാളങ്ങളുടെ വലിയൊരു ശൃംഖല തന്നെ കണ്ടെത്തി. മാളം തുറന്ന് പരിശോധിച്ചപ്പോഴാണ് കാണാതായ 10 മോതിരങ്ങളും 2 മാലകളും പ്രൈസ് ടാഗുകൾ സഹിതം അവിടെ ഭദ്രമായി ഇരിക്കുന്നത് കണ്ടത്. നഷ്ടപ്പെട്ട മുഴുവൻ ആഭരണങ്ങളും തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ജ്വല്ലറി ഉടമയും ജീവനക്കാരും. എലി മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൻതോതിൽ വൈറലാണ്.