Home » Blog » Kerala » ​കമ്മീഷൻ കൊള്ളയ്ക്കും ചൂഷണത്തിനുമെതിരെ കൂട്ടായ്മ; സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കാൻ ബംഗളൂരുവിൽ തീരുമാനം
901916-swiggy-vs-zomato

ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായുള്ള സഹകരണം അവസാനിപ്പിക്കാനൊരുങ്ങി ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകൾ. അമിത കമ്മീഷൻ, അനാവശ്യ ഡിസ്‌കൗണ്ടുകൾ, ഏകപക്ഷീയമായ പണം വെട്ടിക്കുറയ്ക്കൽ എന്നിവയിൽ സഹികെട്ടാണ് ഹോട്ടലുടമകളുടെ തീരുമാനം. ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുമെന്ന് റെസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

 

കെട്ടിട വാടകയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം ഹോട്ടൽ മേഖല പ്രതിസന്ധിയിലായിരിക്കെ, പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഭീമമായ തുക തങ്ങളെ വൻ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിയിടുകയാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഹോട്ടലുടമകളുടെ വ്യക്തമായ അനുവാദമില്ലാതെ ഉപഭോക്താക്കൾക്ക് നൽകുന്ന ഓഫറുകളുടെയും പ്രൊമോഷനുകളുടെയും ചെലവ് ഹോട്ടലുകളിൽ നിന്ന് ഈടാക്കുന്നു. ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ ഹോട്ടലുകളുടെ ഭാഗം കേൾക്കാതെ തന്നെ വരുമാനത്തിൽ നിന്ന് പണം വെട്ടിക്കുറയ്ക്കുന്നു. ഭക്ഷണം തയ്യാറാക്കിയ ശേഷം ഉപഭോക്താക്കൾ ഓർഡർ റദ്ദാക്കിയാൽ ഉണ്ടാകുന്ന മുഴുവൻ നഷ്ടവും ഹോട്ടലുകൾ തന്നെ സഹിക്കേണ്ടി വരുന്നുവെന്നും ഹോട്ടലുടമകൾ പറയുന്നു.

 

ഓഗസ്റ്റ് 15ന് മുൻപായി സ്വിഗ്ഗിയും സൊമാറ്റോയും ഈ പറയുന്ന കാര്യങ്ങളിൽ വ്യക്തമായ എഴുതി തയ്യാറാക്കിയ മറുപടി നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. പരാതികളിൽ ഹോട്ടലുകളുടെ വിശദീകരണം കേൾക്കാതെ തുക വെട്ടിക്കുറയ്ക്കരുത്. തയ്യാറാക്കിയ ശേഷം റദ്ദാക്കുന്ന ഓർഡറുകളുടെ നഷ്ടപരിഹാരം നൽകണം. അനുമതിയില്ലാതെ പ്രൊമോഷണൽ പരസ്യ നിരക്കുകൾ ഈടാക്കരുത്. മാസാമാസം വെട്ടിക്കുറയ്ക്കുന്ന തുകയുടെ കൃത്യമായ റിപ്പോർട്ട് നൽകണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ഓരോ ഹോട്ടലിനും പ്രത്യേക ‘റിലേഷൻഷിപ്പ് മാനേജരെ’ നിയമിക്കണം എന്നിങ്ങനെയാണ് ഹോട്ടലുടമകളുടെ പ്രധാന ആവശ്യങ്ങൾ. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ ബെംഗളൂരു നഗരത്തിലെ ഓൺലൈൻ ഭക്ഷണ വിതരണത്തെ അത് സാരമായി ബാധിക്കും.