Home » Blog » Kerala » പാർലമെന്റിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം; വിവാദ പരാമർശത്തെച്ചൊല്ലി സഭയിൽ വാക്കേറ്റവും ബഹളവും
rahulkhandi-680x450

ഡൽഹി: അമിത്ഷാ പാർലമെന്റിലെത്താൻ ഭയക്കുന്നുവെന്നും ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുകയാണെന്നും ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ ഭാവിയിൽ കടുത്ത ആശങ്കയുണ്ടെന്നും തെരുവിൽ പ്രതിഷേധിച്ച യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും ബിജെപിയോടും അഭ്യർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രതിഷേധം വ്യവസ്ഥയോടുള്ള അവരുടെ വികാരമായിരുന്നുവെന്നും ആ പ്രതിഷേധം ഏറെ ആവേശകരമായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

ചില വിദ്യാർത്ഥികളുമായി തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചതായി വ്യക്തമാക്കിയ രാഹുൽ, തന്നെ ബഹുമാനമില്ലാത്തവരായി മുദ്രകുത്തുന്നവരെ എന്താണ് വിളിക്കേണ്ടതെന്ന് ഒരു പെൺകുട്ടി ചോദിച്ചപ്പോൾ ‘ഇഡിയറ്റ്’ എന്ന് അവൾ മറുപടി നൽകിയതായി സഭയിൽ വിശദമാക്കി. ഈ പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ശക്തമായ ബഹളവുമായി രംഗത്തെത്തി. എന്നാൽ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഒരു കുട്ടിയുടെ വികാരം മാത്രമാണ് പങ്കുവെച്ചതെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.

 

പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു. താൻ ആരെയും വിഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും ചിലർ തങ്ങൾ ദൈവമാണെന്നും ഇതെല്ലാം തങ്ങളുടെ സൃഷ്ടിയാണെന്നും കരുതുന്നുവെന്ന് മാത്രമാണ് സൂചിപ്പിച്ചതെന്നും രാഹുൽ വ്യക്തമാക്കി. ബഹളം വെച്ച ഭരണപക്ഷത്തോടും താൻ ആരെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

എന്നാൽ വിദ്യാർത്ഥികളുടെ പേരിൽ രാഹുൽ ഗാന്ധി മര്യാദകെട്ട വർത്തമാനമാണ് നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ശക്തമായി പ്രതികരിച്ചു. രാഹുലിന്റെ പ്രസംഗത്തിലെ നിലവാരമില്ലാത്ത പരാമർശങ്ങൾ രേഖകളിൽ നിന്ന് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ചുകൂടി മര്യാദയുള്ള ഭാഷ പ്രതിപക്ഷ നേതാവ് ഉപയോഗിക്കണമെന്നും കിരൺ റിജിജു അഭ്യർത്ഥിച്ചു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടർന്ന് നിലവാരമില്ലാത്ത പ്രയോഗങ്ങൾ ഒഴിവാക്കാമെന്ന് സ്പീക്കർ അറിയിച്ചു.