Home » Blog » Kerala » അഖില്‍ മാരാറിന് പിറകെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും; ട്വന്റി 20 പൊട്ടിത്തെറിയിലേക്ക്
akhil

ഫണ്ട് തട്ടിപ്പിന് വേണ്ടിയാണ് ട്വന്റി 20 സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്ന അഖില്‍ മാരാരുടെ ആരോപണം സാബു.എം.ജേക്കബിന്റെ പാര്‍ട്ടിക്ക് വിനയാകുന്നു. 40 കോടിയോളം രൂപ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടായി ട്വന്റി 20ക്ക് നല്‍കി എന്നും ഇതൊന്നും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ല എന്നുമാണ് അഖില്‍ മാരാരിന്റെ ആരോപണം. ഇത് സാബു.എം.ജേക്കബ് നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചിലവ് നല്‍കിയത് ട്വന്റി 20 തന്നെയാണേന്നാണ് സാബു ജേക്കബ് പറഞ്ഞത്. അഖിലിന്‍റെ ആരോപണങ്ങള്‍ ട്വന്റി 20 തള്ളിക്കളഞ്ഞെങ്കിലും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന.

അഖിലിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ് എന്നാണ് സാബു ജേക്കബ് പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ട്വന്റി 20 എന്‍ഡിഎ പക്ഷത്തേക്ക് ചേര്‍ന്നതോടെ പാര്‍ട്ടിയില്‍ നിന്നും വന്‍നിര രാജിവച്ചിരുന്നു. ബിജെപിയോടുള്ള എതിര്‍പ്പ് കാരണമാണ് പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വന്റി 20 വിട്ടത്. കൊട്ടാരക്കരയിൽ സ്വതന്ത്രൻ ആയി മത്സരിക്കണം എന്ന ഉദ്ദേശ്യമാണ് 20-20 യിലേക്ക് എന്നെ അടുപ്പിച്ചത്. കൊട്ടാരക്കരയിലെ ബിജെപി വോട്ടുകൾക്ക് പുറമെ എന്റെ വ്യക്തിബന്ധത്തിൽ നേടി എടുക്കാൻ കഴിയുന്ന വോട്ടുകൾ കൂടി വരുമ്പോൾ ത്രികോണമത്സരമായി മാറും.  ആ സാധ്യത മാത്രമാണ് ഞാൻ മുന്നിൽ കണ്ടത്. എന്നാൽ സീറ്റ് നൽകാതെ അവർ എന്നെ ചതിച്ചു. അഖില്‍ ആരോപിച്ചു.

സാബു.എം.ജേക്കബിന്റെ വ്യക്തിതാത്പര്യങ്ങള്‍ക്ക് മാത്രമാണ് ട്വന്റി-20 എന്നും അഖില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്നും കൊട്ടാരക്കര സീറ്റ് ലഭിക്കാത്തതുകാരണമാണ് തൃക്കാക്കരയില്‍ അഖിലിനെ മത്സരിപ്പിച്ചത് എന്നാണ് സാബു ജേക്കബ് പറഞ്ഞത്. സാബു ജെക്കബുമായ്യി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അഖില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി വിട്ടെങ്കിലും ഭാവി പരിപാടികള്‍ അഖില്‍ മാരാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സാബു എം. ജേക്കബിനോടുള്ള വിയോജിപ്പ്‌ വ്യക്തമാക്കി അഖില്‍ പാര്‍ട്ടി വിട്ടത്. ഇതിനു പിന്നാലെ സാബു എം. ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖിൽ ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ല. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. തന്റെ ബിഎംഡബ്ല്യു ബൈക്ക് വിറ്റു. 18 ലക്ഷത്തിനു കഴിഞ്ഞ വർഷം എടുത്തതാണ്, 10 ലക്ഷത്തിനു കൊടുത്തു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ -5 റിയാലിറ്റി ഷോ വിജയിയായിരുന്നു അഖിൽ മാരാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. നിലപാടുകൾ തുറന്നുപറയാറുള്ള അഖില്‍ ട്വന്റി20യിലാണ് ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. തൃക്കാക്കരയിലെ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി മത്സരിച്ച അഖില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.