Home » Blog » kerala Max » തൊട്ടതെല്ലാം പിഴച്ചു; പ്രചാരണം പിണറായിക്ക് ചുറ്റും കറങ്ങി
cpm

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊട്ടതെല്ലാം പിഴച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യത്തെയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. എല്ലാം എല്‍ഡിഎഫ് പരിഹരിക്കും എന്ന മുദ്രാവാക്യം പിഴച്ചുവെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട്. ഇത് ഒരു മിഥ്യാബോധം സൃഷ്ടിക്കുകയാണ് ചെയ്തത് എന്നാണു പാര്‍ട്ടി റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പാര്‍ട്ടി മുനോട്ടു വയ്ക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വച്ചില്ല. ഇത് ദോഷം ചെയ്തു. നവലിബറല്‍, കോര്‍പ്പറേറ്റ്, വര്‍ഗീയ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയ പ്രചാരണമില്ലാതെ വികസന-ക്ഷേമ നയസമീപനങ്ങള്‍ മുന്നോട്ടുവച്ചാല്‍ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാന്‍ കഴിയില്ല. കേന്ദ്രകമ്മിറ്റി രേഖ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനം രാഷ്ട്രീയ ചര്‍ച്ചയാക്കാതിരുന്നത് ശരിയായില്ല. കേന്ദ്ര വിവേചനമുണ്ടായിട്ടും ഇത് ജനങ്ങള്‍ക്കിടയില്‍ ശക്തമാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി. പ്രചാരണം ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പ്രതീതിയുണ്ടായി. പിണറായി വിജയന് ചുറ്റും പ്രചാരണം കേന്ദ്രീകരിച്ചത് തിരിച്ചടിയായി. ഇത് അദ്ദേഹത്തിനെതിരെ സംഘടിത ആക്രമണം അഴിച്ചുവിടാന്‍ യുഡിഎഫിനു അവസരം നല്‍കി. ഇത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുകയും ചെയ്തു.

കെ.കെ.ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചത് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇത് യുഡിഎഫ് രാഷ്ട്രീയായുധമാക്കി. കണ്ണൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു. ഇത് സംസ്ഥാനത്താകെ പ്രതിഫലിക്കുകയും ചെയ്തു. തളിപ്പറമ്പ്, പയ്യന്നൂര്‍, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിമതര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ അട്ടിമറിച്ചതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. പാര്‍ട്ടി രേഖ ആവശ്യപ്പെടുന്നു. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ രണ്ട് മുസ്ലിം സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ആരുമുണ്ടായിരുന്നില്ല. പൊതുവായ പ്രതികരണങ്ങളില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് പിഴച്ചു. ഇത് ഇടതുവിരുദ്ധ മാധ്യമങ്ങള്‍ ആയുധമാക്കി.

പല പാര്‍ട്ടി മന്ത്രിമാരും ജനങ്ങളില്‍ നിന്നും അകന്നു. പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും അഴിമതിയും സ്വജന പക്ഷപാതവും ജനങ്ങളെ പാര്‍ട്ടിക്ക് എതിരായി തിരിക്കാന്‍ കാരണമായി. അവലോകന രേഖ പറയുന്നു. എന്തായാലും തിരഞ്ഞെടുപ്പ് പരാജയ ത്തിന്റെ വെളിച്ചത്തില്‍ പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ മുകളിലേക്കുള്ള നേതാക്കൾ മൂന്നു ദിവസത്തെ ഈ യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷം സമഗ്രമാറ്റം പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് സൂചന.