Home » Blog » kerala Max » ഖജനാവ് ചോര്‍ച്ച തടയും; അഞ്ച് നിര്‍ണായക നീക്കങ്ങളുമായി സതീശന്‍
WhatsApp Image 2026-07-29 at 12.42.22

കേരളത്തിലെ ധനപ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് നിര്‍ണായക നീക്കങ്ങളുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍. പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനുമാണ് നിര്‍ണായക പരിഷ്ക്കാരങ്ങളുമായി മുഖ്യമന്ത്രി തന്നെ ഇറങ്ങിപ്പുറപ്പെട്ടത്. പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ്  അഞ്ച് പരിഷ്കാരങ്ങങ്ങളും നടപ്പിലാക്കുക.

സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, പ്ലാൻ സ്‌പേസ് 2.0, ഗവൺമെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി, ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം എന്നിവയാണ് നടപ്പിലാക്കുക.

സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ സർക്കാർ പോർട്ടലിൽ ലഭ്യമാക്കും. ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ ഉൾപ്പെടുത്തും. പ്ലാൻ സ്‌പേസ് 2.0 യില്‍ വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. . ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ മൊഡ്യൂൾ ഉൾപ്പെടുത്തി നിലവിലുള്ള ‘പ്ലാൻ സ്‌പേസ് 2’ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജൻസികൾ, അനുമതി നൽകുന്ന അധികാരികൾ, ഫണ്ടിന്റെ സ്രോതസ്സ്, നിർമ്മാണ ഘട്ടങ്ങൾ എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററിൽ ഉണ്ടാകും.

ഗവൺമെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രിയാണ് മൂന്നാമത്തെത്. സർക്കാരിന് കീഴിൽ 591 സ്ഥാപനങ്ങളുണ്ട്. 19,000 കോടിയോളം രൂപയാണ് ഇവയുടെ ശമ്പളയിനത്തിൽ ചെലവാകുന്നത്.ഈ സ്ഥാപനങ്ങളിൽ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവർത്തനം തുടരുകയാണ്. ഇവയുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യും, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതിയാണ് നാലാമത്തേത്. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനമാണ് അഞ്ചാമത്തെത്. സംരംഭകർക്ക് കേരള സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവൽകരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എൻജിനീയറിങ് പരിപാടിയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികൾ കൂടുതൽ ലളിതമാക്കും. ഖജനാവിലെ പണം നിലനിര്‍ത്താന്‍ ചോര്‍ച്ച തടയേണ്ടത് അത്യാവശ്യമാണ് എന്ന് സര്‍ക്കാരിന് ബോധ്യമായിരിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് കടംവാങ്ങി മുടിയുന്ന ഘട്ടത്തിലും ഖജനാവ് ചോര്‍ച്ച തടയാന്‍ സത്വര നടപടികള്‍ മുഖ്യമന്ത്രി ആവിഷ്ക്കരിക്കുന്നതും.