Home » Blog » kerala Max » നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക നീക്കം; സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
NEET-2

രാജ്യത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിൽ ആകെ 13 പേരെ പ്രതിയാക്കിക്കൊണ്ട് സിബിഐ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചു. സിബിഐയുടെ ഇക്കണോമിക് ഒഫൻസ് വിങ് ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാഷ്യം നിർണ്ണയിക്കുന്ന പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഈ വൻ തട്ടിപ്പ് പുറത്തുവന്നത് രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

യഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ, ധനഞ്ജയ് ലോഖണ്ഡെ, പ്രഹ്ലാദ് കുൽക്കർണി, തേജസ് ഹർഷദ് കുമാർ, ഡോ. മനോജ് ഷിരൂരെ, ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാൾദാർ എന്നിവരാണ് കുറ്റപത്രത്തിലുള്ള 13 പ്രതികൾ. നിലവിൽ ഇവർ എല്ലാവരും ജുഡീഷ്യൽ കസ്റ്റദിയിലാണ് ഉള്ളത്. ബി.എൻ.എസ് (BNS) 2023 ലെ വിവിധ വകുപ്പുകൾ, 1988-ലെ അഴിമതി നിരോധന നിയമം, 2024-ലെ പൊതു പരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 12-നാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മകൻ വികാസ് ബിവാളിന് നീറ്റ് ചോദ്യപേപ്പർ ലഭിക്കാൻ മംഗിലാൽ, ശുഭം ഖൈർനാറുമായി ബന്ധപ്പെടുകയായിരുന്നു എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. മംഗിലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. രാജസ്ഥാനിലെ സിക്കറിൽ പരിശീലനം നേടുന്നതിനിടയിലാണ് യാഷ് യാദവുമായി ബന്ധപ്പെട്ടതെന്ന് വികാസ് ബിവാൾ മൊഴി നൽകിയിട്ടുണ്ട്. യാഷ് യാദവിന് 10 ലക്ഷം രൂപ നൽകിയാണ് മംഗിലാൽ പേപ്പർ കൈപ്പറ്റിയത്. കേസിൽ എൻ.ടി.എ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുന്നതിനായി അന്വേഷണം ശക്തമായി തുടരുകയാണെന്നും, ഇതിന്റെ ഭാഗമായി അടുത്തിടെ 47 എൻ.ടി.എ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.