Home » Blog » kerala Max » പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദ്ദേശവുമായി കെഎസ്ആർടിസി; 1,900 ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡിയുടെ കത്ത്
ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ രൂക്ഷമായ ബസ് ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിഎംഡി സർക്കാരിന് കത്തയച്ചു. പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ 1,900 പുതിയ ബസുകൾ ഉടൻ വേണമെന്നാണ് പ്രധാന ആവശ്യം. ഇതിനായി 1,400 കോടി രൂപയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് സർക്കാർ അനുമതി നൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഫണ്ട് കണ്ടെത്തുന്നതിനായി ജർമ്മൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു മുഖേന തുക കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും വായ്പയെടുക്കാനും ആലോചനയുണ്ട്. 1,000 കോടി രൂപ ചെലവിൽ 2,300 പുതിയ ഡീസൽ ബസുകളും, 400 കോടി രൂപ മുടക്കി 200 ഇലക്ട്രിക് ബസുകളുമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. വിദേശ വായ്പ ലഭ്യമാകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി അത്യന്താപേക്ഷിതമാണെന്നും, ഇതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാൻ ശ്രമം നടത്തണമെന്നും കട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്താകെ 5,535 കെഎസ്ആര്‍ടിസി ബസുകളാണ് ഉള്ളത്. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങളും കാലാവധി പൂർത്തിയാക്കി ഷെഡ്ഡിൽ കയറ്റേണ്ടവയാണ്. എന്നാൽ ബസ് ക്ഷാമം കാരണം ഈ വാഹനങ്ങളുടെ ഫിറ്റ്‌നസ് തുടരെ പുതുക്കി നിരത്തിലിറക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ സൗജന്യ യാത്രാ പദ്ധതി കൂടി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. പ്രിയദർശിനി ബസുകൾ യാത്രാമധ്യേ പണിമുടക്കുന്നതും വഴിയിൽ കുടുങ്ങുന്നതും സ്ഥിരം വാർത്തയാകുന്നുണ്ട്. വിനോദസഞ്ചാര മേഖലകളിലും മലയോര മേഖലകളിലും പഴഞ്ചൻ ബസുകൾ സർവീസ് നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് സിഎംഡിയുടെ നേതൃത്വത്തിൽ അടിയന്തരമായി പുതിയ ബസുകൾ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.