കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പ് പരീക്ഷിച്ച് ടെക് ഭീമന്മാരായ മെറ്റ. ‘സ്റ്റോറികിറ്റ്’എന്ന് പേരിട്ടിരിക്കുന്ന ഈ എ.ഐ അധിഷ്ഠിത സ്റ്റോറിടെല്ലിങ് ആപ്പ് നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് 9to5Mac റിപ്പോർട്ട് ചെയ്യുന്നു. ആപ്പ് പൂർണ്ണതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിന് മുന്നോടിയായി മാതാപിതാക്കളുടെ പ്രതികരണവും നിർദ്ദേശങ്ങളും വിലയിരുത്താനാണ് മെറ്റ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ആപ്പ് പ്രവർത്തിക്കുന്നത് എങ്ങനെ?
കുട്ടികൾക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾ, കഥ നടക്കുന്ന സ്ഥലം, ഗുണപാഠം എന്നിവ തിരഞ്ഞെടുത്ത് കൊടുത്താൽ നിമിഷങ്ങൾക്കുള്ളിൽ ആപ്പ് കഥ സൃഷ്ടിച്ചു നൽകും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളുടെയോ വ്യക്തികളുടെയോ ചിത്രങ്ങൾ അപ്ലോഡ് ചെയ്തും, പശ്ചാത്തലം വിവരിച്ചും കഥകൾ വികസിപ്പിക്കാം. ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. എ.ഐ നിർമ്മിക്കുന്ന കഥകൾക്കൊപ്പം പശ്ചാത്തല സംഗീതവും ആപ്പ് തന്നെ നൽകും.
കുട്ടികൾക്കുവേണ്ടിയുള്ള കഥകളായതിനാൽ തന്നെ ശക്തമായ AI സുരക്ഷാ ഫിൽട്ടറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മെറ്റ വ്യക്തമാക്കുന്നു. ഇതിൽ മറ്റ് സോഷ്യൽ മീഡിയ ഫീച്ചറുകൾ ഒന്നും തന്നെ ഉണ്ടാകില്ല. നിലവിലെ പരീക്ഷണ ഘട്ടത്തിൽ 18 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇമേജ് ജനറേഷൻ, ചാറ്റ്ബോട്ടുകൾ തുടങ്ങിയ മെറ്റയുടെ എ.ഐ മുന്നേറ്റങ്ങളുടെ വിപുലീകരണ ഭാഗമായാണ് സ്റ്റോറികിറ്റ് എത്തുpന്നത്.
