ന്യൂഡൽഹി: ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴി പിന്തുണ ഒഴുകുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സമരപ്പന്തലിലേക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നുകളും അയച്ചാണ് നിരവധി പേർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.
‘സമരക്കാർക്ക് നൽകുക’ എന്ന കുറിപ്പോടെയാണ് പല ഓർഡറുകളും ലഭിക്കുന്നതെന്ന് ഭക്ഷണ വിതരണ ജീവനക്കാർ പറയുന്നു. നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പിന്തുണ അറിയിക്കാനുള്ള മാർഗമായാണ് ഇത്തരം ഓൺലൈൻ സഹായങ്ങളെ വിലയിരുത്തുന്നത്.
മഹാരാഷ്ട്ര, ഹൈദരാബാദ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വെജിറ്റേറിയൻ ഭക്ഷണപ്പൊതികൾ, പിസ്സ, ബർഗർ, കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ എന്നിവ സമരപ്പന്തലിലേക്ക് എത്തിക്കുന്നുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർ വിശന്നിരിക്കരുതെന്ന കരുതലോടെയാണ് പലരും ഈ സഹായം ചെയ്യുന്നതെന്നാണ് സംഘാടകർ പറയുന്നത്.
സമരപ്പന്തലിൽ എത്തുന്ന ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും പൊതുവായി ക്രമീകരിച്ചിട്ടുണ്ടെന്നും ആവശ്യമുള്ള ആർക്കും ഉപയോഗിക്കാമെന്നും സമരനേതൃത്വം അറിയിച്ചു. നിലവിൽ ആവശ്യത്തിന് ഭക്ഷണവും മറ്റ് സാമഗ്രികളും ലഭിച്ചിട്ടുള്ളതിനാൽ കൂടുതൽ ഭക്ഷണം അയയ്ക്കേണ്ടതില്ലെന്നും അവർ അഭ്യർഥിച്ചു. ഓൺലൈൻ വഴി ഭക്ഷണം അയച്ച് സമരത്തെ പിന്തുണയ്ക്കുന്ന ഈ മാതൃക സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.
സമരക്കാർക്കായി പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ സിഖ് സമൂഹം ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഗുരുദ്വാര ബംഗ്ലാ സാഹിബിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
