Home » Blog » kerala Max » തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ നേരിടുന്നത് വലിയ വെല്ലുവിളികൾ: ഗോദ്‌റെജ് ഡിഇഐ ലാബ് റിപ്പോർട്ട്
IMG-20260722-WA0000

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബിന്റെ ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു. ‘ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: എല്ലാവർക്കും അനുയോജ്യമായ തൊഴിലിടങ്ങളുടെ നിർമ്മിതി’ എന്ന പേരിൽ ലാബ് ഗവേഷകയായ പുഷ്നാമി കസ്തൂരെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർ, എച്ച്ആർ ഉദ്യോഗസ്ഥർ, ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ സഹായിക്കുന്ന വിദഗ്ധർ, ആർക്കിടെക്റ്റുകൾ, തൊഴിലിടങ്ങളിൽ എല്ലാവർക്കും തുല്യാവസരവും ഉൾക്കൊള്ളലും ഉറപ്പാക്കുന്ന വിദഗ്ധർ എന്നിവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഓഫീസുകളിൽ കെട്ടിടം, കസേരകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കമ്പനികൾ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ, ഉപയോഗിക്കാൻ പാടുള്ള സോഫ്റ്റ്‌വെയറുകൾ, ഓഫീസിലെ തൊഴിൽ സംസ്കാരം എന്നിങ്ങനെയുള്ള പുറമേക്ക് കാണാൻ കഴിയാത്ത പ്രശ്നങ്ങളാണ് ജീവനക്കാർ നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ (ഐബിഇഎഫ്) കണക്കുകൾ പ്രകാരം രാജ്യത്തെ ഏകദേശം മൂന്ന് കോടി ഭിന്നശേഷിക്കാരിൽ വെറും 11.3 ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചിട്ടുള്ളത്. തൊഴിൽ ചെയ്യാൻ കഴിയുന്ന ഭിന്നശേഷിക്കാരിൽ 70 ശതമാനത്തോളം പേരും ഇപ്പോഴും തൊഴിലില്ലാതെ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഗോദ്‌റെജ് ഡിഇഐ ലാബ് മേധാവി പരമേഷ് ഷഹാനി റിപ്പോർട്ട് പ്രകാശനം ചെയ്തു. പൂർണ്ണ റിപ്പോർട്ട് www.godrejdeilab.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.