ബെംഗളൂരു: എല്ലാവരും സ്വന്തം തിരക്കുകളിലേക്ക് മാത്രം ഒതുങ്ങുന്ന ഇന്നത്തെ ലോകത്ത്, താൻ കണ്ടിട്ടുപോലുമില്ലാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ ഒരു ഡെലിവറി ബോയ് കാണിച്ച കരുതൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബെംഗളൂരു സ്വദേശിനിയായ നിവേദിത റായ് എന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ ഹൃദയസ്പർശിയായ അനുഭവം ലക്ഷക്കണക്കിന് ആളുകളുടെ മനസ്സാണ് കീഴടക്കുന്നത്. ഫ്ലിപ്കാർട്ട് മിനിറ്റ്‌സ് ഡെലിവറി ഏജന്റാണ് ഈ കഥയിലെ താരം.
കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് തന്റെ കുഞ്ഞിന്റെ ഡയപ്പർ തീർന്നുപോയ വിവരം നിവേദിത ശ്രദ്ധിക്കുന്നത്. തുടർന്ന് രാത്രി 10 മണിയോടെ അവർ ഓൺലൈൻ വഴി ഡയപ്പർ ഓർഡർ ചെയ്തു. കൃത്യം 10.30-ഓടെ ഡെലിവറി ബോയ് സാധനങ്ങളുമായി വീട്ടുപടിക്കലെത്തി. എന്നാൽ, വീട്ടിലെ കോളിങ് ബെൽ അടിക്കുന്നതിന് പകരം അദ്ദേഹം നിവേദിതയെ ഫോണിൽ വിളിച്ച്, ‘മാഡം, ദയവായി വാതിൽ തുറക്കാമോ’ എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുകയായിരുന്നു. പുറത്തേക്ക് വന്ന നിവേദിത എന്തുകൊണ്ടാണ് കോളിങ് ബെൽ അടിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോൾ ഡെലിവറി ബോയ് നൽകിയ മറുപടിയാണ് ഒരമ്മ എന്ന നിലയിൽ അവരുടെ കണ്ണ് നിറയിച്ചത്.
ഓർഡർ ചെയ്ത സാധനം ഡയപ്പർ ആണെന്ന് ഞാൻ പാക്കറ്റിൽ കണ്ടിരുന്നു. അപ്പോൾ വീട്ടിൽ ഒരു ചെറിയ കുഞ്ഞുണ്ടാകുമെന്നും ഈ സമയത്ത് കുഞ്ഞ് ഉറങ്ങുകയായിരിക്കുമെന്നും എനിക്ക് തോന്നി. ബെല്ലടിച്ചാൽ കുഞ്ഞ് ഉണർന്ന് കരഞ്ഞാലോ എന്ന് കരുതിയാണ് ഞാൻ ഫോൺ വിളിച്ചത്, എന്നായിരുന്നു പുഞ്ചിരിയോടെയുള്ള ആ യുവാവിന്റെ മറുപടി. തിരക്കുപിടിച്ച ഈ ജീവിതപ്പാച്ചിലിനിടയിലും അപരിചിതനായ ഒരാൾ തന്റെ കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ച് ചിന്തിക്കാൻ സമയം കണ്ടെത്തിയതിനെക്കുറിച്ച് നിവേദിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അപരിചിതരിൽ നിന്നുള്ള ഇത്തരം ചെറിയ ദയവുള്ള പ്രവർത്തികളാകും നമ്മുടെ മനസ്സിൽ എന്നും പ്രതീക്ഷ നൽകി നിലനിൽക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഡെലിവറി ബോയിയുടെ ഈ മനോഹരമായ പ്രവൃത്തിയെ അഭിനന്ദിച്ച് ആയിരക്കണക്കിന് ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
