തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സൂചികകളുള്ള കേരളത്തിന് കടുത്ത തിരിച്ചടിയായി ശിശുമരണനിരക്കിലെ വർദ്ധനവ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം, 2024-ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് 5-ൽ നിന്ന് 8-ലേക്ക് ഉയർന്നു. അതായത്, കേരളത്തിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒരു വയസ്സ് തികയുന്നതിന് മുൻപ് എട്ട് കുഞ്ഞുങ്ങൾ മരണപ്പെടുന്നു. നവജാതശിശുക്കളുടെ മരണനിരക്കിലുണ്ടായ ഈ മാറ്റം അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളേക്കാൾ കുറഞ്ഞ ശിശുമരണനിരക്ക് എന്ന അഭിമാന നേട്ടത്തിൽ നിന്നാണ് കേരളം ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്. പതിറ്റാണ്ടുകളുടെ അതിതീവ്ര ശ്രമങ്ങളിലൂടെയാണ് കേരളം ശിശുമരണനിരക്ക് രണ്ടക്കത്തിൽ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970-കളിൽ 58 ആയിരുന്ന മരണനിരക്ക് 2010 മുതലുള്ള കാലയളവിൽ ദീർഘനാൾ 12ൽ തന്നെ തുടർന്നു. പോഷകക്കുറവ് പരിഹരിച്ചും കുട്ടികളിലെ ഹൃദ്രോഗ ചികിത്സയ്ക്കായുള്ള ‘ഹൃദ്യം’ ഉൾപ്പെടെയുള്ള വിപ്ലവകരമായ പദ്ധതികൾ ആവിഷ്കരിച്ചും 2018-ഓടെയാണ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5-ൽ എത്തിച്ചത്. എന്നാൽ, ദീർഘകാലം നിലനിർത്തിയ ഈ നേട്ടത്തിനാണ് ഇപ്പോൾ കോട്ടം തട്ടിയിരിക്കുന്നത്.
ദേശീയതലത്തിൽ ശിശുമരണനിരക്കിന്റെ ശരാശരി 24 ആണ്. പട്ടികയിൽ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്‌നാട്ടിലും ഡൽഹിയിലും ഇത് 11 ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴുമുള്ളതെങ്കിലും, സൂചിക ഉയർന്നത് ഗൗരവതരമാണ്. ആശുപത്രികളിൽ പ്രസവസമയത്തുള്ള മരണങ്ങൾ ഏറെക്കുറെ ഒഴിവാക്കാൻ സാധിക്കുന്നുണ്ടെങ്കിലും, ഡിസ്ചാർജിന് ശേഷം കുഞ്ഞുങ്ങൾക്ക് നൽകേണ്ട അതീവ ശ്രദ്ധയിലുണ്ടാകുന്ന പാളിച്ചകളാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശിശുമരണനിരക്ക് ഉയരാൻ ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് ആരോഗ്യമേഖലയിൽ ചർച്ചകൾ സജീവമാണ്.
ചില വിഭാഗങ്ങൾക്കിടയിൽ പ്രതിരോധമരുന്ന് വിതരണത്തോടുള്ള വിമുഖതയും വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും തിരിച്ചടിയായോ എന്ന് സംശയിക്കുന്നു. പ്രകൃതിചികിത്സയുടെയും അക്യുപങ്ചറിന്റെയും മറവിൽ നടക്കുന്ന വീട്ടിലെ പ്രസവങ്ങൾ പോലുള്ള അശാസ്ത്രീയ പ്രവണതകൾ വർദ്ധിക്കുന്നത് തടയേണ്ടതുണ്ട്. 12-ൽ നിന്ന് ശിശുമരണനിരക്ക് 5-ലേക്ക് എത്തിച്ചതിന്റെ യഥാർത്ഥ വശങ്ങളും നിലവിലെ പാളിച്ചകളും വിശദമായി പഠിച്ച് അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ ആവശ്യം.
