Home » Blog » kerala Max » കെഎസ്‌യു സ്വന്തമായി അഭിപ്രായം പറയാന്‍ കരുത്തുള്ള സംഘടന, അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഗ്രൂപ്പിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കരുത്: അലോഷ്യസ്
alo-1-680x450 (1)

കോട്ടയം: വിവാദ പ്ലീഡര്‍ നിയമനത്തിലെ കെഎസ്‌യു-മുഖ്യമന്ത്രി തര്‍ക്കത്തില്‍ വീണ്ടും പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുണ്ടായ ആശങ്കകളെക്കുറിച്ച് കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അലോഷ്യസ് പറഞ്ഞു. വിഷയം അവിടെ നിലനില്‍ക്കുന്നു. കെഎസ്‌യുവും സര്‍ക്കാരും രണ്ട് തട്ടില്‍ അല്ലെന്നും അലോഷ്യസ് പറഞ്ഞു. കോണ്‍ഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത ആശയങ്ങള്‍ ക്രോഡീകരിച്ച് ഒറ്റ അഭിപ്രായത്തിലേക്ക് എത്തുകയാണ് പാര്‍ട്ടി രീതിയെന്നും എല്ലാം പാര്‍ട്ടി കേള്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ലെന്നും അലോഷ്യസ് പറഞ്ഞു. അദ്ദേഹം കെഎസ്‌യുവിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തിന് തിരക്കുകള്‍ ഉണ്ട്. അത് തങ്ങള്‍ മാനിക്കുന്നു. കെഎസ്‌യു സ്വന്തമായി അഭിപ്രായം പറയാന്‍ കരുത്തുള്ള സംഘടനയാണ്. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഗ്രൂപ്പിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കരുതെന്നും അലോഷ്യസ് വിമര്‍ശിച്ചു. ഇതില്‍ ഒരു ഗ്രൂപ്പുമില്ല. കെപിസിസി അധ്യക്ഷന്‍ ഇടപെടല്‍ നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും എഴുതുന്നതിന് മറുപടി പറയുകയല്ല തന്റെ ഉത്തരവാദിത്തമെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. കെഎസ്‌യു – സര്‍ക്കാര്‍ പോര് എന്ന ടാഗ് ലൈനിനോട് തങ്ങള്‍ക്ക് താൽപര്യമില്ല. എസ്എഫ്‌ഐക്കെതിരെയും അലോഷ്യസിൻ്റെ വിമര്‍ശനമുണ്ടായി. എസ്എഫ്‌ഐയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്നും കഴിഞ്ഞ പത്തുവര്‍ഷം പിണറായിക്കെതിരെ വിരല്‍ ചൂണ്ടാതെയാണ് അവര്‍ തങ്ങളെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു പ്രതികരണം. കെഎസ്‌യുവിന്റെ വൈകാരികതയെ ഉള്‍ക്കൊള്ളുന്ന മുഴുവന്‍ നേതാക്കളും തങ്ങളെ പിന്തുണക്കുമെന്ന് പറഞ്ഞ അദ്ദേഹം ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്നും വ്യക്തമാക്കി.