അമ്പലപ്പുഴ: അമ്പലപ്പുഴയ്ക്ക് പടിഞ്ഞാറ് കടലിൽ വൻ അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളത്തെയും അതിലുണ്ടായിരുന്ന എട്ട് തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ലൈഫ് ഗാർഡുമാർ ചേർന്ന് രക്ഷപ്പെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള ‘മെസ്സി’ എന്ന വള്ളമാണ് കടലിൽ ഏകദേശം 42 മീറ്റർ ആഴമുള്ള ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
വള്ളത്തിന്റെ ഒരു ഭാഗം പൊട്ടി ഉള്ളിലേക്ക് ശക്തമായി വെള്ളം കയറാൻ തുടങ്ങിയതോടെ തൊഴിലാളികൾ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ തോട്ടപ്പള്ളി ഫിഷറീസ് വകുപ്പിന്റെ റസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽ നിന്ന് കടലിലേക്ക് പുറപ്പെട്ടു. ഫിഷറീസ് ബോട്ട് തിരച്ചിൽ നടത്തുന്നതിനിടെ, അപകടത്തിൽപ്പെട്ട വള്ളം വണ്ടാനം പടിഞ്ഞാറ് ഭാഗത്ത് കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വള്ളം പൂർണ്ണമായും മുങ്ങുന്നതിന് തൊട്ടുമുമ്പ് അതിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെയും ലൈഫ് ഗാർഡുമാർ സുരക്ഷിതമായി തങ്ങളുടെ റസ്ക്യൂ ബോട്ടിലേക്ക് മാറ്റി. തുടർന്ന് മുങ്ങിക്കൊണ്ടിരുന്ന വള്ളം റസ്ക്യൂ ബോട്ടിലേക്ക് വടം ഉപയോഗിച്ച് കെട്ടിവലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയും ചെയ്തു.
ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ് എന്നിവരും റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരുമാണ് രക്ഷാപ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകിയത്. ഫിഷറീസ് എ.ഡി.എഫ്.എസ് മനോജ്, എ.എഫ്.ഇ.ഒ എസ്. സാജൻ, മറൈൻ എൻഫോസ്മെന്റ് എസ്.ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന എല്ലാ വള്ളങ്ങളും നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും കരുതണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത വള്ളങ്ങൾക്കും ബോട്ടുകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
