Home » Blog » Kerala » വൈദ്യുതി ഉപഭോഗം കുതിക്കുന്നു; ഇന്നും പവർകട്ട് സാധ്യതയെന്ന് കെഎസ്ഇബി
kerala-state-electricity-board-west-hill-kozhikode-electrical-power-transmission-kaqkyxl8j3

തിരുവനന്തപുരം: കടുത്ത ചൂടിനെത്തുടർന്ന് ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വർദ്ധനവും കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോർഡിലേക്ക് നീങ്ങുകയാണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടുമൊരു വൈദ്യുതി നിയന്ത്രണത്തിന് ബോർഡ് ഒരുങ്ങുന്നത്.

 

ഇന്നത്തെ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കുതിച്ചുയർന്നിട്ടുണ്ട്. ഇതോടെ പവർ എക്സ്ചേഞ്ച് വഴി അധികമായി വൈദ്യുതി വിലയ്ക്ക് വാങ്ങാൻ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകുന്നില്ല. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിൽ കാര്യമായ കുറവ് നേരിട്ടാൽ ഇന്ന് വൈകുന്നേരങ്ങളിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.