ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധി യുഎസ് യുദ്ധവിമാനങ്ങളും ഇന്ധനവിതരണ വിമാനങ്ങളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ആക്രമണത്തിൽ അമേരിക്കയ്ക്ക് “ഗുരുതര നാശനഷ്ടം” സംഭവിച്ചെന്നും ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജോർദാനിലെ അമേരിക്കൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. നിരവധി ഇന്ധനവിതരണ വിമാനങ്ങളും യുദ്ധവിമാനങ്ങളും നശിപ്പിച്ചതായും കൂടുതൽ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഐആർജിസി അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദം അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണ്. ഇറാന്റെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തുടർച്ചയായി പരസ്പരം ആക്രമണം തുടരുന്നതിനാൽ സ്ഥിതിഗതികൾ അതീവ ആശങ്കാജനകമായി തുടരുകയാണ്.
