Home » Blog » Business » ഫെഡറൽ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു;  അറ്റനിഷ്ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞനിരക്കിൽ
16
കൊച്ചി:  2026 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയോളമായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യപാദത്തിനേക്കാൾ 36.57 ശതമാനം വർദ്ധനവോടെ  അറ്റാദായം  1176 .93  കോടി രൂപയായി ഉയർന്നു. കാസാ നിക്ഷേപം 18.26 ശതമാനവും  ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06  ശതമാനവും  വർദ്ധനവ് രേഖപ്പെടുത്തി.
“ഞങ്ങൾ കെട്ടിപ്പടുക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു കാര്യം ഈ പാദവാർഷികം തെളിയിക്കുന്നുണ്ട്. ട്രഷറിക്ക് കടുത്ത വെല്ലുവിളികൾ നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ഞങ്ങളുടെ ലാഭം ഏകദേശം 37% വർദ്ധിച്ചു. വിപണിയിലെ ലാഭമല്ല, മറിച്ച് ഞങ്ങളുടെ കോർ ബിസിനസാണ്  വരുമാനത്തിന്റെ സ്രോതസ്സെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വായ്പകളിലെ 15% വളർച്ചയേ ഉണ്ടായില്ലെങ്കിലും അറ്റപലിശ വരുമാനത്തിൽ 26% വളർച്ച നേടാൻ സാധിച്ചുവെന്നത് അറ്റ പലിശ മാർജിനിൽ ഉണ്ടായ വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു,” – ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.
“ബാങ്ക് വളരെ ശ്രദ്ധകൊടുത്ത ഒരു മേഖലയായിരുന്നു അത്. ഞങ്ങളുടെ അറ്റ നിഷ്ക്രിയ ആസ്തി 0.18% ആണ്, ഇത് ബാങ്കിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതോടൊപ്പം ഞങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 87 ശതമാനത്തിൽ എത്തിനിൽക്കുന്നു. കുറഞ്ഞ വായ്പാ ചെലവും നിലവിലെ വരുമാനത്തിൽ നിന്നുള്ള പരമാവധി നേട്ടവും സംയോജിപ്പിച്ച്  മികവ് കാട്ടാൻ ശേഷിയുള്ള ഒരു ബാലൻസ് ഷീറ്റ് കെട്ടിപ്പടുക്കുകയാണ് ഞങ്ങൾ. ഞങ്ങൾ ഊന്നൽ കൊടുത്ത വായ്പാ മേഖലകൾ ഉദ്ദേശിച്ചതുപോലെ തന്നെ ഫലം നൽകുന്നുണ്ട്, കൂടാതെ പ്രവാസി, കാസാ നിക്ഷേപങ്ങൾ കൂടുതൽ കരുത്തോടെ തുടരുന്നു. ശക്തമായ മൂലധന അടിത്തറയോടെയും, കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയുടെയും പ്രധാന ബിസിനസുകളിലെ മികച്ച മുന്നേറ്റത്തോടെയുമാണ് ഞങ്ങൾ ഈ വർഷത്തെ അഭിമുഖീകരിക്കുന്നത്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ്  വാർഷികാടിസ്ഥാനത്തിൽ 13.05   ശതമാനം വര്‍ധിച്ച്  597615.83 കോടി രൂപയിലെത്തി.  നിക്ഷേപം 11.37 ശതമാനം വർദ്ധനവോടെ 320117.66  കോടി രൂപയായി.  കാസാ നിക്ഷേപം 188 ബിപിഎസ് വർധിച്ച് ആകെനിക്ഷേപത്തിന്റെ 32.23 ശതമാനമായി. പ്രവാസിനിക്ഷേപം 14.24 ശതമാനം വർദ്ധനവോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസിനിക്ഷേപത്തിൽ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് സ്വന്തമാക്കി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 14.94  ശതമാനം വർദ്ധനവോടെ 281239 .54   കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ വാർഷികാടിസ്ഥാനത്തിൽ 22.96  ശതമാനവും, കൊമേർഷ്യൽ വെഹിക്കിൾ/ കൊമേർഷ്യൽ എക്വിപ്മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോൾഡ് ലോൺ 33 ശതമാനവും പ്രോപ്പർട്ടി ലോൺ 21 ശതമാനവും ക്രെഡിറ്റ് കാർഡ് 36 ശതമാനവും വർദ്ധിച്ചു.  16.12 ശതമാനം വർദ്ധനവോടെ   കോര്‍പറേറ്റ് വായ്പകള്‍ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു.
വരവ്- ചെലവ് അനുപാതം 239 ബി പി എസ് നേട്ടത്തോടെ 52.50 ശതമാനമായി. ആസ്‌തിയിന്മേലുള്ള ആദായം 1.22 ശതമാനവും ഓഹരിമേലുള്ള  ആദായം 12.01 ശതമാനവും പ്രതി ഓഹരി ബുക്ക് വാല്യൂ 161 .87 രൂപയായും ഉയർന്നു.
1541.30 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.52  ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 506.04  കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.18  ശതമാനമാണിത്.  87.37  ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തിൽ തുടങ്ങിയ 10 ശാഖകൾ ചേരുമ്പോൾ ബാങ്കിന് നിലവിൽ 1650 ബാങ്കിംഗ് ഔട്ട് ലെറ്റുകളായി.