Home » Blog » Kerala » വിജയ് ആരാധകർക്ക് ആഘോഷം; ‘ജനനായകൻ’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കേരളത്തിൽ പുലർച്ചെ 6 മണിക്ക്
images (47)

തമിഴ് സിനിമാ പ്രേമികൾ മാസങ്ങളായി കാത്തിരിക്കുന്ന വിജയ്‍യുടെ ചിത്രം ‘ജനനായകൻ’ റിലീസിന് ഒരുങ്ങുകയാണ്. പൊങ്കൽ റിലീസായി ജനുവരി 9-ന് എത്തേണ്ടിയിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങളെത്തുടർന്ന് ആറ് മാസം വൈകിയാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ വിജയ് യഥാർത്ഥ ജീവിതത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായെന്ന കൗതുകകരമായ വസ്തുത കൂടി ഇതിനുണ്ട്. ജൂലൈ 23-നാണ് ചിത്രത്തിന്റെ റിലീസ്.

 

കേരളത്തിൽ എസ്എസ്ആർ എൻ്റർടെയ്ൻമെൻ്റ്സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഇവരുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജൂലൈ 23 പുലർച്ചെ 6 മണിക്കാണ് കേരളത്തിൽ ആദ്യ പ്രദർശനം ആരംഭിക്കുന്നത്. നേരത്തെ ചിത്രത്തിന് പുലർച്ചെ 4 മണിക്ക് പ്രദർശനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് 6 മണിയിലേക്ക് മാറ്റുകയായിരുന്നു.

 

വിജയ്‍യുടെ അവസാന ചിത്രം എന്ന പ്രത്യേകതയും ‘ജനനായകന്’ ഉണ്ട്. ഈ ആകാംക്ഷ സിനിമയുടെ കളക്ഷനെ എങ്ങനെ ബാധിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഇതിനകം ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചത് കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

 

കന്നഡയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയിക്കൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോൾ, ഗൗതം വസുദേവ് മേനോൻ, പ്രിയാമണി, നരെയ്ൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.