കേരളത്തിന്റെ തനത് മദ്യ ബ്രാൻഡായ ‘ജവാൻ റമ്മി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശിയും റിട്ടയേർഡ് തഹസിൽദാറുമായ രാജേന്ദ്രൻ നായരാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. മദ്യത്തിന് ‘ജവാൻ’ എന്ന് പേര് നൽകുന്നത് രാജ്യത്തെ സൈനികരെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അവരുടെ അന്തസ്സിന് ചേർന്നതല്ലെന്നുമാണ് പരാതിയിലെ പ്രധാന വാദം.
എന്നാൽ, ഈ ആരോപണങ്ങളെ നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് തള്ളി. 1937-ൽ പ്രവർത്തനം ആരംഭിച്ച തങ്ങളുടെ കമ്പനിയിൽ നിന്നുള്ള മദ്യം മുമ്പ് ഇന്ത്യൻ മിലിറ്ററി ക്യാന്റീനുകളിൽ വിതരണം ചെയ്തിരുന്നെന്നും, ഈ പേര് സൈനികരെ അപമാനിക്കുന്നതല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഈ മറുപടി തൃപ്തികരമല്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നുമാണ് രാജേന്ദ്രൻ നായരുടെ നിലപാട്.
