Home » Blog » Cinema » ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്
13

തിയറ്ററുകളെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങി ദളപതി വിജയ്‌യുടെ അവസാന സിനിമ ‘ജന നായകൻ’. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജൂലൈ 23-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ‘ജന നായകൻ’, വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും വഹിക്കുന്നു. പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്‌യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്നു. വമ്പൻ സാങ്കേതിക-താരനിരയുമായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ പറഞ്ഞു:

“സിനിമാ ചരിത്രത്തിൽ ചില നിമിഷങ്ങൾ മാത്രമാണ് കാലാതീതമായി ഓർമ്മിക്കപ്പെടുന്നത്. ‘ജന നായകൻ’ അത്തരമൊരു ചരിത്ര മുഹൂർത്തമാണ്. തളപതി വിജയ്‌യുടെ അവസാന സിനിമയുടെ ഭാഗമാകാനും ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ഈ ചിത്രം എത്തിക്കാനുമാകുന്നതിൽ ഞങ്ങൾ അതിയായ അഭിമാനമുണ്ട്. സിനിമയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ അസാധാരണ യാത്ര ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായി ഉയരുകയും ചെയ്തത് ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ അപൂർവമായ ആത്മബന്ധത്തിന്റെ തെളിവാണ്. ‘ജന നായകൻ’ അദ്ദേഹത്തിന്റെ മഹത്തായ സിനിമാ ജീവിതത്തിന് യോജിച്ച ആദരവായി മാറുമെന്നും പ്രേക്ഷകർക്ക് മറക്കാനാവാത്ത തിയറ്റർ അനുഭവം സമ്മാനിക്കുമെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്.”

റിലീസ് പ്രഖ്യാപനത്തോടെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ തിയറ്റർ ആഘോഷങ്ങളിലൊന്നിനാണ് തുടക്കമായിരിക്കുന്നത്. തളപതി വിജയ്‌യുടെ അവസാന സിനിമയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ആരാധകരും സിനിമാപ്രേമികളും ഒരുങ്ങിക്കഴിഞ്ഞു.

ചിത്രത്തെക്കുറിച്ചും പ്രമോഷൻ പരിപാടികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.