മഞ്ഞപ്ര :മഴക്കാലം എത്തിയതോടെ റോഡരികിൽ കാട് വളർന്ന് പന്തലിക്കുന്നത് യാത്രക്കാർക്ക് വലിയ ഭീക്ഷണിയാകുന്നു. മഞ്ഞപ്ര മെഡിക്കൽ സെൻ്റർ- ഫൊറോന പള്ളി കനാൽ റോഡ്ഭാഗമായ ലയോള മഹാത്മ ലൈനിലെ പലയിടങ്ങളിലും റോഡിലേക്ക് കാടിറങ്ങി നിൽക്കുന്നഅവസ്ഥയാണ്. ഇത് കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു. കരിങ്ങാലിക്കാട്, പുത്തൻപള്ളി, തുപ്പത്തികവല എന്നീ പ്രദേശങ്ങളിൽ നിന്ന് മഞ്ഞപ്ര ടൗണിലേക്ക് എളുപ്പത്തിൽ പോകാൻ ധാരാളം പേർ ഉപയോഗിക്കുന്ന പ്രധാന വഴി കൂടിയാണ് ഇത്.കൂടാതെ അയ്യമ്പുഴ, അമലാപുരം
എന്നിവിടങ്ങളിൽ നിന്ന് തുറവൂർ, മൂക്കന്നൂർ അങ്കമാലി എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന കാർ യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഈ വഴിയെ ആണ് ഏറെ ആശ്രയിക്കുന്നത് .
എന്നാൽ റോഡരികിലെ പാഴ്ച്ചെടികൾ വാഹനങ്ങളിൽ പതിക്കുന്ന രീതിയിൽ വളർന്നതോടെ അപകടങ്ങൾക്കും ഇടയാക്കുനുണ്ട്. വാഹനങ്ങൾ ഇരു ദിശകളിലൂടെ വരുമ്പോൾ
റോഡരികിൽ നടക്കാൻ സ്ഥലമില്ലാത്തവിധം കാട് വളർന്നതോടെ കാൽ നടയാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മുൾച്ചെടികൾ ഇരുചക്ര വാഹന യാത്രക്കാരുടെ ദേഹത്ത് തട്ടി പരിക്കേൽക്കുന്നത് പതിവാണ്.
കാട് നിറഞ്ഞതോടെ ഈ ഭാഗങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
രാത്രികാലങ്ങളിൽ ഇതുവഴി നടന്നു പോകുന്നവർ വലിയ ഭീതിയിലാണ്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റോഡരികിലെ കാട് വെട്ടിമാറ്റുന്ന പതിവുണ്ടായിരുന്നു.
എന്നാൽ അടുത്തൊനും ശുചീകരണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് കോൺഗ്രസ് മഞ്ഞപ്ര പഞ്ചായത്ത് പത്താം വാർഡ് കമ്മിറ്റി ആരോപിച്ചു. മഴ കൂടുതൽ ശക്തമാകുന്നതോടെ കാട് കൂടുതൽ വളരാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി കാട് വെട്ടിമാറ്റണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
