Home » Blog » Kerala » കശുവണ്ടി അഴിമതിക്കേസ്; മാപ്പ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് കെ. ബിജു ഐഎഎസ്
images (88)

കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ കെ. ബിജു ഐഎഎസ് വീണ്ടും മാപ്പപേക്ഷ സമർപ്പിച്ചു. നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ “പ്രോസിക്യൂഷന് അനുമതി നൽകിയത് മനസ്സിരുത്തിയുള്ള തീരുമാനമായിരുന്നില്ല” എന്ന് പരാമർശിച്ചിരുന്നു. ഇത് കോടതി തള്ളുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് അദ്ദേഹം പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

 

കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും, മേൽപ്പറഞ്ഞ ഭാഗം ഉൾപ്പെടുത്തിയത് കോടതിയെ അതൃപ്തരാക്കിയിരുന്നു. വിശദീകരണം നൽകാതെ സത്യവാങ്മൂലം സ്വീകരിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ നിർവ്യാജം മാപ്പപേക്ഷിച്ചുകൊണ്ട് പുതിയ സത്യവാങ്മൂലം നൽകാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.

 

ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ മുഖ്യപ്രതിയായ കേസിലാണ് ഈ വിവാദ ഉത്തരവുകൾ ഉണ്ടായത്. പ്രതിയെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. സർക്കാർ തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ, പ്രോസിക്യൂഷൻ അനുമതി നൽകിയ നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു. നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ കെ. ബിജുവിന്റെ പുതിയ നീക്കം നിർണ്ണായകമാകും.