
പത്തനംതിട്ട: പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് ഛർദി തുടപ്പിച്ചുവെന്ന് പരാതി. പ്രമാടത്തെ അങ്കണവാടിക്കെതിരെയാണ് പരാതി. പനി ലക്ഷണങ്ങളോടെ അങ്കണവാടിയിലെത്തിയ കുട്ടി ക്ലാസിൽ വെച്ച് ഛർദിച്ചു. തുടർന്ന് അധ്യാപിക കുട്ടി ധരിച്ചിരുന്ന വസ്ത്രം ഊരി നിർബന്ധിച്ച് നിലത്തുവീണ ഛർദി തുടപ്പിച്ചെന്നാണ് ആരോപണം. സെപ്തംബർ ഒന്നിനായിരുന്നു സംഭവം.
അങ്കണവാടിയിൽ ജോലി ചെയ്തിരുന്ന താത്കാലിക ഹെൽപ്പർ, അധ്യാപികക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. അധ്യാപികയ്ക്കെതിരെ മറ്റു കുട്ടികളുടെ മാതാപിതാക്കൾക്കും പരാതി ഉണ്ട്. പരാതി ഉയർന്ന് ഒരാഴ്ചയ്ക്ക് ശേഷം ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസറുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണുണ്ടായതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
