Home » Blog » Kerala » ആലപ്പുഴ രക്ഷാപ്രവർത്തനം: എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് മടക്കി; അവ്യക്തമായ ഭാ​ഗങ്ങളിൽ തുടരന്വേഷണത്തിന് നിർദേശം നൽകി ഡിജിപി
2

തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണമെന്ന് ഡിജിപി റാവാഡ എ ചന്ദ്രശേഖർ. വ്യക്തത വേണ്ട ഭാഗങ്ങൾ ചൂണ്ടികാട്ടി വിശദീകരണം ചോദിച്ച് റിപ്പോർട്ട് മടക്കുകയും ചെയ്‌തു. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുടരന്വേഷണം നടത്താനും എസ്ഐടിക്കു നിർദേശം നൽകി. എത്രയും വേഗം തുടരന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നടപടി.

നവകേരളാ മാർച്ചിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ, എഡിജിപി അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്ഐടി അന്വേഷണ റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്.

അതേസമയം, കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. എസ്ഐടി സമർപ്പിച്ച റിപ്പോർട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാൽ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിൽ അവ്യക്തമായി കിടക്കുന്ന ഭാ​ഗങ്ങൾ പൂരിപ്പിക്കണമെന്ന ആവശ്യവുമായി ഡിജിപി തുടരന്വേഷണത്തിന് നിർദ്ദേശിച്ചത്.