തിരുവനന്തപുരം: കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു നടപടി.
രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ, ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ വിധി സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാമെന്നും, ജനവിധിയെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉത്തരവെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, ചട്ടപ്രകാരമല്ലാതെ ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനാൽ സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ നടത്താൻ അനുമതി തേടുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് 20-ലെ കൗൺസിലറായ ആർ. സുഗതൻ, കാപ്പ നിയമപ്രകാരം ജൂൺ 9 മുതൽ നാടുകടത്തൽ ഉത്തരവിനെ തുടർന്നാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
