ഹൈദരാബാദ്: ആറ് വയസ്സ് മാത്രം പ്രായമുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാർ ഓടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് നിയമം സംരക്ഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ തന്നെ മോട്ടോർ വാഹന വകുപ്പ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി സാഹസികതയ്ക്ക് മുതിർന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എസ്ഐ പൂജാരി തിരുപതിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ജൂലൈ 13 ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രാഫിക്കുള്ള റോഡിലൂടെ ഒരു കാർ വളരെ വേഗത കുറച്ച് നീങ്ങുന്നത് കണ്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിക്കുന്നത്. അടുത്തുചെന്ന് നോക്കിയപ്പോഴാണ് സ്റ്റിയറിംഗിന് പിന്നിൽ ഇരിക്കുന്നത് ഒരു കൊച്ചു പെൺകുട്ടിയാണെന്നും, മുൻസീറ്റിൽ പോലീസ് ഉദ്യോഗസ്ഥൻ ഇരിക്കുന്നുണ്ടെന്നും ആളുകൾ തിരിച്ചറിഞ്ഞത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ കുട്ടികളുടെ ജീവൻ വച്ച് പന്താടുന്നത് കണ്ടതോടെ നാട്ടുകാർ കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. കുട്ടിയെ കാർ ഓടിക്കാൻ പഠിപ്പിക്കണമെങ്കിൽ മൈതാനങ്ങളിൽ കൊണ്ടുപോകണമെന്നും, ട്രാഫിക് നിയമങ്ങൾ പോലീസുകാർക്ക് ബാധകമല്ലേയെന്നും നാട്ടുകാർ ചോദിച്ചതോടെ എസ്ഐ തിരുപതി കടുത്ത ക്ഷോഭത്തിലാവുകയായിരുന്നു.
തന്റെ പേരക്കുട്ടിക്ക് ഗിന്നസ് ലോക റെക്കോർഡ് നേടിക്കൊടുക്കാനുള്ള പരിശീലനമാണ് ഇതെന്നായിരുന്നു ഇയാളുടെ വിചിത്രമായ ന്യായീകരണം. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണെന്നും ആക്രോശിച്ചുകൊണ്ട് ഇയാൾ നാട്ടുകാരോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനവിമർശനമാണ് ഉയർന്നുവന്നത്. വിമർശനം കടുത്തതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും തിരുപതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 180, 184 വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
