Home » Blog » Kerala » ശബരിമല തന്ത്രി വിവാദം; ദേവസ്വം മന്ത്രിക്ക് പന്തളം കൊട്ടാരത്തിന്റെ മറുപടി
images (78)

തിരുവനന്തപുരം: ശബരിമല തന്ത്രിയെ മാറ്റാനും യോഗ്യതയുള്ള പുതിയ ആളുകളെ തന്ത്രിയായി നിയമിക്കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന് പൂർണ്ണ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മ. അധികാര ദുർവിനിയോഗം നടത്തിയാൽ കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാൻ നിയമതടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് രാജരാജവർമ്മ ദേവസ്വം മന്ത്രി കെ. മുരളീധരന് കത്തയച്ചു. ശബരിമല തന്ത്രിസ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ-താന്ത്രിക മേഖലകളിൽ വിവാദം കനക്കുന്നതിനിടെയാണ് പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഈ നിർണ്ണായക നീക്കം.

 

ശബരിമല ക്ഷേത്രത്തിൽ ദേവന്റെ പിതൃസ്ഥാനം തന്ത്രിക്കില്ലെന്ന് കത്തിൽ രാജരാജവർമ്മ വാദിക്കുന്നു. ബിംബത്തിന് കേടുപാടുകൾ സംഭവിച്ചാൽ ചൈതന്യം നഷ്ടപ്പെടില്ലെന്നും, ശബരിമലയിൽ പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്ക് ദേവന്റെ പിതൃസ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആവശ്യമാണെങ്കിൽ ഒന്നിൽ കൂടുതൽ തന്ത്രിമാരെ നിയമിക്കാനും ബോർഡിന് അധികാരമുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണെന്നും ട്രസ്റ്റി സ്ഥാനം മാത്രമാണ് സർക്കാരിൽ നിലനിൽക്കുന്നതെന്നും വ്യക്തമാക്കിയ കത്തിൽ, ക്ഷേത്രം ഒരുകാലത്തും സർക്കാർ ഏറ്റെടുക്കില്ലെന്ന് സെറ്റിൽമെന്റ് രജിസ്റ്റർ വ്യക്തമാക്കുന്നുണ്ടെന്നും രാജരാജവർമ്മ കൂട്ടിച്ചേർത്തു.

 

ശബരിമല തന്ത്രിസ്ഥാനം താഴമൺ കുടുംബം ഒഴിയണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് ഈ വിഷയം ചർച്ചയാകുന്നത്. ശബരിമല ക്ഷേത്രത്തിനും അയ്യപ്പ ഭക്തർക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ മറ്റൊരു കുടുംബമില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ കടുത്ത വിമർശനം. സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയായ കണ്ഠരര് രാജീവരര്, തന്റെ മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന പ്രതികളുടെ മക്കൾക്കായി സംവരണം ചെയ്തതാണോ ശബരിമല തന്ത്രിസ്ഥാനമെന്നും, താന്ത്രികജ്ഞാനം ഇല്ലാത്തവരെ തന്ത്രിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കെ.എസ്. രാധാകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി താഴമൺ കുടുംബാംഗം കൂടിയായ രാഹുൽ ഈശ്വർ രംഗത്തെത്തി. കോടിക്കണക്കിന് അയ്യപ്പ ഭക്തരും വിശ്വാസികളും ഒരുപോലെ ആദരിക്കുന്ന കുടുംബമാണ് താഴമൺ മഠമെന്നും, ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിലെ വ്യാജ പ്രചാരണങ്ങളിൽ പെട്ടുപോയതാണെന്നും രാഹുൽ ഈശ്വർ പരിഹസിച്ചു.