Home » Blog » kerala Max » കാഫിർ സ്ക്രീൻഷോട്ട് വിവാദം: എസ്ഐടിയെ വെല്ലുവിളിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
jithin--680x450

വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി പ്രത്യേക അന്വേഷണ സംഘത്തെ വെല്ലുവിളിച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ജിതിൻ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റൂറൽ എസ്പിക്ക് പരാതി നൽകി. താൻ പത്ത് പേർക്കെങ്കിലും ഈ സ്ക്രീൻഷോട്ട് അയച്ചു നൽകിയെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന് വേണ്ടി തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് പ്രചാരണം നടത്തിയിരുന്നതെന്നും, അതിൽ കോൺഗ്രസുകാർ ഉൾപ്പെടെ 250 ഓളം പേരുണ്ടായിരുന്നെന്നും ജിതിൻ പറയുന്നു. താൻ 200 പേർക്ക് പോസ്റ്റ് ഷെയർ ചെയ്തുവെന്ന വാദം തെറ്റാണെന്നും, ചുരുങ്ങിയത് 10 പേർക്കെങ്കിലും ഇത് അയച്ചതിന് തെളിവ് തരാനായാൽ സ്ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് ഉറപ്പിച്ചോളൂ എന്നുമാണ് ജിതിന്റെ വെല്ലുവിളി. എന്നാൽ, വെല്ലുവിളി ഉയർത്തിയ ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ ജിതിൻ ഭാസ്‌കർ പ്രധാന തെളിവുകൾ നശിപ്പിച്ചതായാണ് റിമാൻഡ് റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തൽ. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ജിതിൻ ഭാസ്‌കറോ അല്ലെങ്കിൽ ഇയാളുടെ സഹായിയോ ആകാം ‘കാഫിർ സ്ക്രീൻഷോട്ട്’ നിർമ്മിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ വിപുലമായ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ സംസ്ഥാന ഫോറൻസിക് വിഭാഗത്തിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.