Home » Blog » crime » ഒരു ‘മട്ടൻ’ അപാരത: വിവാഹവിരുന്നിന് മട്ടൺ വിളമ്പുമെന്ന് വാഗ്ദാനം നൽകി, ഒടുവിൽ കിട്ടിയത് ചിക്കൻ; പിന്നെ….കൈയ്യാങ്കളിയായി…. അടിയായി…..വടികളും വാളും കൊണ്ടുള്ള ആക്രമണമായി… ഒടുവിൽ 12 പേർക്ക് പരുക്കുമായി…
4

ബിഹാർ: ബിഹാറിലെ സാഹാർസ ജില്ലയിൽ വിവാഹ വിരുന്നിലെ മെനുവിനെച്ചൊല്ലിയുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന്‌ വാഗ്ദാനം ചെയ്ത് ചിക്കൻ വിളമ്പിയെന്നാരോപിച്ചായിരുന്നു സംഘർഷമുണ്ടായത്. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുഹമ്മദ് അന്വറിന്റെ മകൻ മുഹമ്മദ് അബ്ദുള്ള അലിയാസ് ചന്ദും, മുഹമ്മദ് ജാവേദ് അലിയാസ് മോട്ടോയുടെ മകളും തമ്മിലുള്ള നിക്കാഹ് വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെ നടന്നു.

ഇതിന് പിന്നാലെ വിവാഹ വിരുന്നിനായി ഇരു ഭാ​ഗത്തുനിന്നുമുള്ള ബന്ധുക്കൾ ഒന്നിച്ചുകൂടിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വരന്റെ കുടുംബത്തിന്റെ ആരോപണം അനുസരിച്ച്, വിവാഹ വിരുന്നിൽ മട്ടൺ വിഭവങ്ങൾ ഉണ്ടാകുമെന്ന് വധുവിന്റെ കുടുംബം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഭക്ഷണം നൽകിയപ്പോൾ ചിക്കൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരു പക്ഷങ്ങൾക്കിടയിൽ വാക്കേറ്റം ആരംഭിച്ചത്. പിന്നീടത് കൈയാങ്കളിയായി മാറി. വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ വടികൊണ്ട് ആക്രമിക്കുന്നതും വാൾ വീശി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ 12 പേരെ സിമ്രി ബക്തിയാർപുർ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.