Home » Blog » Kerala » ‘മേക്ക് ഇൻ ഇന്ത്യ’ക്ക് വൻ കരുത്ത്; ബാറ്ററി, ചാർജർ ഘടകങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി
electronics-stock-rally

ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്ക് പുത്തനുണർവ് നൽകിക്കൊണ്ട് ഇറക്കുമതി തീരുവയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്ററി, ചാർജർ ഭാഗങ്ങൾ, ഡിസ്പ്ലേ പാനലുകൾ എന്നിവയുടെ ഇറക്കുമതി തീരുവ സർക്കാർ വെട്ടിക്കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും കണക്കിലെടുത്ത് വ്യവസായങ്ങൾക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി 2029 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

 

ഡിസ്പ്ലേ അസംബ്ലി നിർമ്മാണത്തിനായി ഉപയോഗിക്കുന്ന സെല്ലുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ, ബാക്ക്‌ലൈറ്റ് യൂണിറ്റുകൾ, ഫ്രെയിമുകൾ, അനിസോട്രോപിക് കണ്ടക്റ്റീവ് ഫിലിം തുടങ്ങിയവയെ പൂർണ്ണമായും ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കി. ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക ഉപകരണങ്ങളിൽ ഇത്തരം ഡിസ്പ്ലേകൾ ഉപയോഗിക്കുന്നതിനാൽ ഈ മേഖലകളിലെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയാൻ ഇത് സഹായിക്കും. ഇതോടൊപ്പം സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിങ് സൗകര്യമൊരുക്കുന്ന ഇൻഡക്റ്റർ കോയിൽ മോഡ്യൂളുകൾ നിർമ്മിക്കാൻ ആവശ്യമായ ആറ് ഘടകങ്ങൾക്കും തീരുവ ഒഴിവാക്കിയിട്ടുണ്ട്.

 

ലിഥിയം-അയൺ സെൽ നിർമ്മാണ രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് സർക്കാർ കളമൊരുക്കിയിരിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന കോട്ടിംഗ് മെഷീനുകൾ, വൈൻഡിംഗ് മെഷീനുകൾ, വെൽഡിംഗ് സിസ്റ്റങ്ങൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ, ഫോർമേഷൻ മെഷീനുകൾ, ഡ്രൈയിംഗ് സിസ്റ്റങ്ങൾ എന്നിങ്ങനെ 85 തരം യന്ത്രസാമഗ്രികളുടെ പട്ടിക ഉൾപ്പെടുത്തി ഇളവുകൾ വിപുലീകരിച്ചു. നേരത്തെ ഇത്തരം യന്ത്രഭാഗങ്ങൾക്ക് 7.5 മുതൽ 15 ശതമാനം വരെ കസ്റ്റംസ് തീരുവ നൽകേണ്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇളവുകൾ ലഭ്യമാകുന്നത്.

 

ഈ തീരുമാനത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുടെയും ഉൽപ്പാദനച്ചെലവിൽ വലിയ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനുപുറമെ സ്മാർട്ട്ഫോണുകൾ, വെയറബിൾ ഡിവൈസുകൾ, ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണം കൂടുതൽ ലാഭകരമാകും. പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന ഡ്രോണുകൾ, റോബോട്ടുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഈ തീരുവ ഇളവുകൾ വലിയ കരുത്താണ് പകരുന്നത്. ആഭ്യന്തര നിർമ്മാണ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ നടപടി സഹായിക്കുമെന്നാണ് വ്യവസായ രംഗത്തിന്റെ പ്രതീക്ഷ.