മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘കണ്ണൂർ സ്ക്വാഡി’ന്റെ അണിയറക്കഥകൾ പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ് രാജ്. തുടക്കത്തിൽ ഈ സിനിമയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി വരുമെന്ന് തങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റോണി വെളിപ്പെടുത്തി. ചിത്രത്തിന്റെ കഥ ആദ്യമായി പറഞ്ഞത് നടൻ സുരാജ് വെഞ്ഞാറമൂടിനോടായിരുന്നു. എന്നാൽ കഥയുടെ ആദ്യ പകുതി ശ്രദ്ധയോടെ കേട്ടിരുന്ന സുരാജ്, രണ്ടാം പകുതി വിവരിക്കാൻ തുടങ്ങിയപ്പോഴേക്കും സോഫയിൽ കിടന്ന് ഉറങ്ങിപ്പോയെന്ന രസകരമായ അനുഭവമാണ് റോണി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്.
യഥാർത്ഥത്തിൽ നടന്ന ഒരു കൊലപാതകക്കേസിന്റെ അന്വേഷണത്തെയും പ്രതിക്കായുള്ള മനുഷ്യവേട്ടയെയും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. ആദ്യ ഘട്ടത്തിൽ തിരക്കഥ തികച്ചും സരളമായ രീതിയിലായിരുന്നു. എന്നാൽ ‘ഹെലൻ’ സിനിമയുടെ സംവിധായകനും സുഹൃത്തുമായ മാത്തുക്കുട്ടിയാണ് കഥ കുറച്ചുകൂടി ആകർഷകമാക്കാൻ സ്ക്വാഡ് അംഗങ്ങൾക്കിടയിൽ ഒരു ആഭ്യന്തര പ്രശ്നം കൊണ്ടുവരണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. പൊതുവേ കൈക്കൂലി കേസിൽപ്പെടുമ്പോഴാണ് പോലീസുകാരെ സ്ക്വാഡിൽ നിന്ന് പിരിച്ചുവിടാറുള്ളത് എന്നതിനാൽ, അത്തരമൊരു ട്വിസ്റ്റ് കഥയിൽ ഉൾപ്പെടുത്താൻ അതോടെ തീരുമാനിക്കുകയായിരുന്നു.
സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ജയൻ എന്ന കൈക്കൂലിക്കാരനായ പോലീസ് കഥാപാത്രത്തെ താൻ കൈയും കാലും പിടിച്ച് ചോദിച്ചു വാങ്ങിയതാണെന്നും റോണി ഡേവിഡ് പറഞ്ഞു. ആ വേഷം ഏറ്റവും ഭംഗിയായി ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് ഉറപ്പായിരുന്നു. ചിത്രത്തിന്റെ അവസാനം വരെ കാസർഗോഡ് എസ്.പിയുടെ വേഷം ചെയ്യാനായിരുന്നു മമ്മൂക്ക നിർദ്ദേശിച്ചിരുന്നത്. എന്നാൽ അത് നിരസിച്ച്, സിനിമയിൽ തനിക്ക് വലിയ ബ്രേക്ക് നൽകിയ ജയൻ എന്ന സ്ക്വാഡ് അംഗത്തിന്റെ വേഷം റോണി തന്നെ ചെയ്യുകയായിരുന്നു.
