‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന സുപ്രധാന പരിഷ്കാരം 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ സാധ്യതയെന്ന് സൂചന. പരിഷ്കാരം യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷൻ പി.പി. ചൗധരി വ്യക്തമാക്കി. ഗോവയിൽ സമിതിയുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർദിഷ്ട പരിഷ്കാരത്തിന് മേൽ സമവായം രൂപീകരിക്കുന്നതിനായി രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി ജെപിസി ചർച്ചകൾ നടത്തിവരികയാണ്. കൂടിക്കാഴ്ച നടത്തിയവരിൽ 99 ശതമാനം പേരും പരിഷ്കാരത്തെ അനുകൂലിച്ചതായി പി.പി. ചൗധരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും മന്ത്രിസഭാംഗങ്ങളുമായും സമിതി ചർച്ച നടത്തിയിരുന്നു.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണഘടനാ വിദഗ്ധർ, സിവിൽ സൊസൈറ്റി സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുമായി ഇതിനകം ആശയവിനിമയം പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലയളവിൽ ഈ പരിഷ്കാരം രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
