തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ തൃശൂര്‍ ഡിസിസി അവഗണിക്കുന്നുവെന്ന പരസ്യ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫര്‍സീന്റെ പ്രതികരണം.കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രിയായത് ഇനിയും തൃശൂര്‍ ഡിസിസി അറിഞ്ഞിട്ടില്ലെന്ന് ഫർസീൻ പറഞ്ഞു. അക്കാര്യം അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് സ്വാഭാവികമാണെന്നും അദ്ദേഹം കുറിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയ്ക്കും ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം പി ജാക്‌സണും സ്വീകരണം നല്‍കുന്ന ചടങ്ങ് സംബന്ധിച്ച ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ചാണ് ഫര്‍സീന്റെ വിമര്‍ശനം.
ഫ്ലക്സിലൊരിടത്തും ജനീഷിന്റെ ചിത്രമില്ലാത്തതാണ് ഫര്‍സീന്റെ വിമര്‍ശനത്തിന് പിന്നില്‍. മന്ത്രിയായത് അംഗീകരിക്കാന്‍ പ്രയാസമുള്ളത് നാട്ടുകാരെ അറിയിക്കണം എന്നുള്ളത് അല്‍പത്തരം ആണെന്നുകൂടി ഫര്‍സീന്‍ കുറിച്ചിരിക്കുന്നു. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.കേരളം ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞുവീശിയിട്ടും തൃശൂര്‍ എന്തുകൊണ്ട് കിട്ടിയില്ല എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ആ മുകളില്‍ ഇളിച്ച് ഇരിക്കുന്നവര്‍ തന്നെ’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ‘ടി എന്‍ പ്രതാപന്റെ അഹങ്കാരം കൊണ്ട് ഉണ്ടായതാണ് തൃശൂരിലെ പതന’മെന്നാണ് മറ്റൊരു കമന്റ്.
