<strong>റായ്പൂർ</strong>: മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിലുടനീളം വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങി ജീവിച്ച 69കാരൻ പിടിയിൽ. തമിഴ്നാട് സ്വദേശിയായ ബിങ്സണ്‍ ജോൺ ആണ് പിടിയിലായത്. ഏകദേശം 36 വര്‍ഷത്തോളമാണ് ഇയാൾ ഇത്തരത്തിൽ ജീവിച്ചത്.
ഫൈവ് സ്റ്റാർ ഹോട്ടുകളായിരുന്നു ഇയാൾ പ്രധാനമായും തെരഞ്ഞെടുത്തിരുന്നത്. ഹോട്ടലുകളിൽ താമസിച്ച ശേഷം ബില്ലടയ്ക്കുന്നതിന് തൊട്ടുമുൻപ് രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. മോഷണത്തിലൂടെ കൈക്കലാക്കുന്ന ഐഡി പ്രൂഫുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്തിരുന്നത്. ‘ബിക്കിനി കില്ലർ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജാണ് കുറ്റകൃത്യങ്ങൾക്ക് പ്രചോദനമായത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ജൂണ്‍ 27ന് ഛത്തീസ്ഡഗിലെ റായ്പൂരിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. റായ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ 63,755 രൂപയുടെ ബില്‍ അടയ്ക്കാതെ ഇയാൾ മുങ്ങുകയായിരുന്നു. 1.48 ലക്ഷം രൂപയുടെ ലാപ്ടോപ്പും ഇയാൾ കൈക്കലാക്കിയിരുന്നു. ഭുവനേശ്വറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. 1990 മുതല്‍ പത്തിലധികം സംസ്ഥാനങ്ങളിലായി ഏകദേശം മുന്നൂറോളം ഹോട്ടലുകളിൽ താമസിച്ചതായി ഇയാൾ പറഞ്ഞു. വിദേശ ടൂർ ഗൈഡ്, ഇംഗ്ലീഷ് അധ്യാപകന്, യോഗ ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെ പല വേഷങ്ങളിലായിരുന്നു ജീവിതമെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
