Home » Blog » kerala Mex » ജിദ്ദയിലേക്ക് ക്രിക്കറ്റ് ആവേശം; ആധുനിക സ്റ്റേഡിയം നിർമ്മിക്കാൻ പാകിസ്ഥാൻ
images - 2026-07-03T190625.160

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി പാകിസ്ഥാൻ. ഇതുസംബന്ധിച്ച നിർമ്മാണ കരാറിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും സൗദി ക്രിക്കറ്റ് ഫെഡറേഷനും ഔദ്യോഗികമായി ഒപ്പുവെച്ചു. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയും സൗദി ഫെഡറേഷനെ പ്രതിനിധീകരിച്ച് സൗദ് ബിൻ മിഷാൽ ബിൻ മുഹമ്മദ് അൽ സൗദുമാണ് കരാറിൽ ഒപ്പുവെച്ചത്.

 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണം. സ്റ്റേഡിയത്തിന്റെ ആസൂത്രണം, സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനായിരിക്കും. സൗദി അറേബ്യയിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും പ്രചാരത്തിനും ഈ പദ്ധതി വലിയൊരു നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഈ പങ്കാളിത്തം ക്രിക്കറ്റ് ലോകത്തെ ഒന്നിപ്പിക്കാൻ സഹായിക്കുമെന്നും, സൗദിയിലെ കായിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സ്റ്റേഡിയം നിർമ്മാണം വഴിയൊരുക്കുമെന്നും കരാർ ഒപ്പിട്ട ശേഷം മൊഹ്‌സിൻ നഖ്വി വ്യക്തമാക്കി. ക്രിക്കറ്റിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സൗദിയിൽ ഒരുക്കുന്നതോടെ ഭാവിയിൽ വലിയ ടൂർണമെന്റുകൾക്ക് വേദിയാകാനും സൗദി അറേബ്യയ്ക്ക് സാധിക്കും.