Home » Blog » Kerala » ‘സുരക്ഷാ പാളിച്ച’; ലോകകപ്പിൽ ബെൽജിയം-സെനഗൽ പോരാട്ടത്തിനിടെ ഗ്രൗണ്ടിലേക്ക് ആരാധകരുടെ അപ്രതീക്ഷിത നുഴഞ്ഞുകയറ്റം
images (95)

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ വേദിയിൽ വൻ സുരക്ഷാ വീഴ്ച. ബെൽജിയം-സെനഗൽ നോക്കൗട്ട് മത്സരത്തിനിടെ മൂന്ന് കാണികൾ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് മൈതാനത്തേക്ക് ഇരച്ചുകയറിയത് വലിയ പരിഭ്രാന്തി പരത്തി. സെനഗൽ 1-0 എന്ന നിലയിൽ ലീഡ് ചെയ്തു നിൽക്കെ 31-ാം മിനിറ്റിലായിരുന്നു അപ്രതീക്ഷിതമായ സംഭവം.

 

മൈതാനത്തേക്ക് കയറാൻ ശ്രമിച്ച മറ്റ് രണ്ടുപേർ ഉൾപ്പെടെ ആകെ അഞ്ചുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടികൂടി പോലീസിന് കൈമാറി. ഇവരെ പിന്നീട് കിങ് കൗണ്ടി ജയിലിലേക്ക് മാറ്റി. ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമിന്റെ പരസ്യം പതിച്ച ടീഷർട്ടും, ഏഷ്യൻ വംശജരെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളുള്ള ടീഷർട്ടുകളും ധരിച്ചാണ് ഇവർ എത്തിയത്. അത്യാധുനിക മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ധരിച്ച് തങ്ങളുടെ അതിക്രമം ഇവർ തത്സമയം റെക്കോർഡ് ചെയ്യുന്നുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രവണതകൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ, സംഭവദൃശ്യങ്ങൾ ക്യാമറകൾ ഉടൻ തന്നെ ഒഴിവാക്കിയിരുന്നു. ലോകകപ്പ് വേദിയിൽ ഉണ്ടായ ഈ ഗുരുതരമായ സുരക്ഷാ ലംഘനം അധികൃതരെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

 

അതേസമയം, മൈതാനത്തെ നാടകീയ സംഭവങ്ങൾക്കൊടുവിൽ മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവുമായി ബെൽജിയം പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപകുതിയിൽ ഹബീബ് ഡിയാര, ഇസ്മയിലെ സറ എന്നിവരിലൂടെ സെനഗൽ 2-0 എന്ന നിലയിൽ ലീഡ് നേടിയിരുന്നു. എന്നാൽ അവസാന പത്ത് മിനിറ്റിൽ റൊമേലു ലുക്കാക്കുവും യൂറി ടിലമൻസും ഗോളുകൾ മടക്കിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ഒടുവിൽ അധികസമയത്ത് ലഭിച്ച പെനാൽറ്റി ഗോളിലൂടെ ബെൽജിയം വിജയം ഉറപ്പിക്കുകയായിരുന്നു.