Home » Blog » kerala Max » ഷവർമ-ഷവായ കോംബോ കഴിച്ചവർക്കെല്ലാം ശർദ്ദിയും വയറിളക്കവും; ഭക്ഷണശാല പൂട്ടിച്ച് ആരോഗ്യവകുപ്പ്
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-16-680x450

തിരുവനന്തപുരം: കടയ്ക്കാവൂരിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷസ്’ എന്ന ഭക്ഷണശാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇതിൽ 12 പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

കപ്പയും ബീഫും വിറ്റിരുന്ന ഈ കട പിന്നീട് ഷവർമയും ഷവായയും അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലേക്ക് മാറുകയായിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ‘കോംബോ ഓഫർ’ പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം ആളുകളാണ് കടയിലേക്ക് എത്തിയത്. ഇങ്ങനെ ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് മണിക്കൂറുകൾക്കുള്ളിൽ വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

രോഗബാധിതരായവരിൽ ആറു വയസ്സുകാരി ദക്ഷിണ ഉൾപ്പെടെ നിരവധി പേരുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇവർ കഴിച്ച ഷവർമയും ഷവായയും കേടായതാണോ എന്ന് സംശയിക്കുന്നു.

സംഭവത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഉൾപ്പെടെയുള്ള മതിയായ രേഖകളില്ലാതെയാണ് ഈ ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ കട പൂട്ടിച്ചു.