ഗുജറാത്തിലെ സൂറത്തിലുള്ള നാസിര്‍നഗര്‍ ചേരിയിലെ നൂറോളം വീടുകള്‍ അധികൃതരുടെ ഉത്തരവില്ലാതെ ഇടിച്ചുപൊളിച്ച സംഭവത്തിൽ കോടതി ഇടപെടലിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. സൂറത്ത് മുന്‍സിപ്പാലിറ്റിയുടെ ഉത്തരവില്ലാതെ നടപടി സ്വീകരിച്ച അഞ്ച് ഉദ്യോഗസ്ഥരെയാണ് കോടതി ഇടപെടലിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തത്. ചേരി പൊളിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് സൂറത്ത് മുന്‍സിപ്പാലിറ്റി അല്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ എം നാഗരാജന് ഗുജറാത്ത് ഹൈക്കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചേരിയിലെ ഒരു താമസക്കാരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സുജല്‍കുമാര്‍ ധരംശിഭായി പ്രചാപതി, ജയംഗ് രജനീകാന്ത് ജീവന്രാംജി വാല, ഡെപ്യൂട്ടി എഞ്ചിനീയര്‍ അര്‍പ്പന്‍ മന്സൂഖ്ലാല് പര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ മോനിക് ബാബുഭായ് ഗാദിയ, ജൂനിയര്‍ എഞ്ചിനീയര്‍ നരേഷ് കുമാര്‍ ബിനാല്ഭായ് ഗാല്ചാര് എന്നിവരെയാണ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. നാസിര്നഗറില് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനെയും മുന്‍സിപ്പല്‍ കമ്മീഷണറെയും പ്രതിനിധീകരിച്ച അഭിഭാഷകര്‍ ഹൈക്കോടതിക്ക് മുന്നില്‍ സമ്മതിച്ചു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണവുമായി മുന്നോട്ടു പോകുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം മുന്‍സിപ്പല്‍ കമ്മീഷണര്‍ക്കെതിരെ ശക്തമായ അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. അതിര്‍ത്തി നിര്‍ണയത്തിനാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പ്രദേശത്ത് എത്തിയതെങ്കില്‍ വന്‍ പൊലീസ് വിന്യാസത്തിന്റെ ആവശ്യം എന്തായിരുന്നെന്നും കോടതി ചോദിച്ചിട്ടുണ്ട്. പൊലീസിന്റെ മൂക്കിന് താഴെ ഇത്രയും ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നിട്ടും മൂക സാക്ഷികളായി നോക്കിനിന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്.
