Home » Blog » Kerala » ‘ ആണുങ്ങളെ എങ്ങനെ കൊല്ലാം’ ‘സിയ ഇഫക്റ്റ്’; മെട്രോയിൽ യുവതി വായിച്ച പുസ്തകം കണ്ട് ഞെട്ടി ഇന്റർനെറ്റ്!
images (88)

മെട്രോ ട്രെയിനിലെ ഒരു സാധാരണ യാത്രയ്ക്കിടെ സഹയാത്രക്കാരി കൈകളിൽ കരുതിയ പുസ്തകം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചുവന്ന കവറുള്ള ആ പുസ്തകത്തിന്റെ പേര് ഇതായിരുന്നു “ഹൗ ടു കിൽ മെൻ ആൻഡ് ഗെറ്റ് എവേ വിത്ത് ഇറ്റ്” (പുരുഷന്മാരെ എങ്ങനെ കൊല്ലാം, അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം). ഒരു യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതോടെ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം 19 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

 

പലരും ഈ സംഭവത്തെ വെറുമൊരു തമാശയായോ വിരോധാഭാസമായോ ആണ് കണ്ടതെങ്കിലും, ഭൂരിഭാഗം നെറ്റിസൺമാരും ഇതിനെ അടുത്തിടെ രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകരമായ ഒരു കൊലപാതക കേസുമായി ബന്ധിപ്പിക്കാൻ തുടങ്ങിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിൽ പ്രതിശ്രുത വരനെ കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ ‘സിയ ഗോയൽ’ കേസാണ് സോഷ്യൽ മീഡിയ ഇതിലേക്ക് വലിച്ചിഴച്ചത്. ഈ ട്രെൻഡിനെ ‘സിയ ഇഫക്റ്റ്’ എന്നാണ് ഇപ്പോൾ ഇന്റർനെറ്റ് വിശേഷിപ്പിക്കുന്നത്.

 

റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ അഗർവാളിനെ പൂനെയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ ജൂൺ 23-നാണ് 26-കാരിയായ സിയ ഗോയലിനെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജൂൺ 18-ന് നടന്ന സംഭവം ആദ്യം ഫോട്ടോയെടുക്കുന്നതിനിടെയുണ്ടായ ഒരു അപകട മരണമെന്നാണ് സിയ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളും ശാസ്ത്രീയ തെളിവുകളും നിരത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത്.

 

ഈ കൊലപാതക വാർത്തയുടെ പശ്ചാത്തലത്തിലാണ് മെട്രോയിലെ യുവതിയുടെ പുസ്തകവായന പുരുഷന്മാർക്കിടയിൽ ഭീതിയും ഒപ്പം വലിയ ചർച്ചകളും ഉണ്ടാക്കിയത്. “സുരക്ഷിതരായിരിക്കൂ സുഹൃത്തുക്കളെ”, “ഇത് പുരുഷന്മാരിൽ ഭയം ജനിപ്പിക്കുന്നു” എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു കൊലപാതക ഗൈഡോ അല്ലെങ്കിൽ പുരുഷന്മാർക്കെതിരെയുള്ള ആയുധമോ അല്ല. പ്രശസ്ത എഴുത്തുകാരിയായ കാറ്റി ബ്രെന്റ് എഴുതിയ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ്റ് സെല്ലറായ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആക്ഷേപഹാസ്യ നോവലാണിത്. പുസ്തകത്തിന്റെ പേര് കണ്ട് പേടിക്കേണ്ടതില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഈ ദൃശ്യം ഇന്റർനെറ്റിൽ വലിയൊരു തർക്കവിഷയമായി മാറിയിരിക്കുകയാണ്.