Home » Blog » kerala Max » ട്രംപിന്റെ ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കി; ജന്മാവകാശ പൗരത്വം തുടരുമെന്ന് വിധി, തിരിച്ചടി
donald-trump-6

ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കം തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. 2025 ജനുവരി 20-ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നാണ് അമേരിക്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായോ താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി റദ്ദാക്കിയത്. 6-3 എന്ന ഭൂരിപക്ഷത്തിനാണ് അമേരിക്കൻ സുപ്രീം കോടതിയുടെ ഒമ്പതം​ഗ ബെഞ്ച് ട്രംപിൻ്റെ ഉത്തരവ് തള്ളിയത്.

പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള രണ്ടാം വരവിൻ്റെ അദ്യം ദിവസം തന്നെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചിരുന്നു. രണ്ടാം ഊഴത്തിൽ പ്രധാന നയപരിപാടികളിലൊന്നായി ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കത്തെ ട്രംപ് ഉയർത്തിക്കാണിച്ചിരുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കമെന്ന നിലയിലാണ് ട്രംപ് ജനനാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള നീക്കത്തെ അവതരിപ്പിച്ചത്.

അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതിക്ക് വിരുദ്ധമാണ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് എന്നായിരുന്നു അഞ്ച് ജഡ്ജിമാർ വിലയിരുത്തിയത്. ട്രംപിന്റെ ഉത്തരവ് ഫെഡറൽ നിയമത്തെ ലംഘിക്കുന്നതാണെങ്കിലും ഭരണഘടനയെ ലംഘിക്കുന്നതല്ലെന്ന വ്യത്യസ്ത അഭിപ്രായമാണ് യാഥാസ്ഥിതിക നിലപാടുള്ള ജഡ്ജിയായ ബ്രെറ്റ് കാവനോ രേഖപ്പെടുത്തിയത്. അമേരിക്കയിൽ ജനിക്കുകയോ നിയമാനുസൃതമായി പൗരത്വം നേടുകയോ ചെയ്ത, അമേരിക്കയുടെ അധികാരപരിധിക്ക് വിധേയരായ എല്ലാവരും അമേരിക്കൻ ഐക്യനാടുകളിലെ പൗരന്മാരാണ് എന്നാണ് അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി പറയുന്നത്. 14-ാം ഭേദഗതി ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിന് അനുമതി നൽകുന്നതാണെന്നായിരുന്നു ജഡ്ജിമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, നീൽ ഗോർസുച്ച് എന്നിവരുടെ നിലപാട്.