പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇടിഞ്ഞു കൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ കയറ്റത്തിന്റെ ലക്ഷണങ്ങളാണ് കണ്ടത്. ഉച്ചയോടെ കേരളത്തിൽ ഗ്രാമിന് 185 രൂപ വർധിച്ച് 13,020 രൂപയിലെത്തിയിട്ടുണ്ട്. പവൻ വില 1400 രൂപ വർധിച്ച് 1,04,160 രൂപയാണ് നിലവിലെ വില. സ്വര്‍ണവില താത്കാലികമായി കൂടിയെങ്കിലും പവന് ഒരു ലക്ഷത്തിലും താഴെ വന്നേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ന് രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി. രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ഔൺസിന് 4000 ഡോളറിനു മുകളിലെത്തിയതോടെയാണ് ഈ മാറ്റം വന്നത്.
ഡോളറിന് നേരിയ ഇടിവ് വന്നതോടെയാണ് സ്വര്‍ണം മുകളിലേക്ക് കുതിച്ചത്. യെൻ, പൗണ്ട്, യൂറോ, തുടങ്ങിയ കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് അൽപം താഴ്ന്നതാണ് സ്വർണവില തിരിച്ചുകയറാൻ ഇടയാക്കിയത്. രൂപയ്ക്ക് ഇടിവ് വന്നാല്‍ ഡോളര്‍ കുതിച്ചാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചെലവും വർധിക്കും. വില നിർണയത്തെ ഇതും സ്വാധീനിക്കും. ഇതാണ് ഇന്ന് സ്വര്‍ണവിപണിയില്‍ കണ്ടത്. സ്വര്‍ണവില കുറയുന്ന പ്രതിഭാസം തന്നെയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലും താഴെ വന്നാല്‍ അധികം താമസിയാതെ സ്വര്‍ണവില പവന് 80000 രൂപയോളം എത്തിയേക്കാം എന്നാണ് നിഗമനം.
യുഎസ്-ഇറാൻ സംഘർഷം തുടരുന്നത് പണപ്പെരുപ്പം കൂടാനിടയാക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിൽ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതോടെയാണ് സ്വർണവില ഇടിഞ്ഞത്.
ഡോളർ ഉയര്‍ന്നാല്‍ സ്വർണം വാങ്ങുന്നതിന്റെ ചെലവ് വർധിപ്പിക്കും. ഇത് സ്വര്‍ണത്തിന്റെ വാങ്ങല്‍ ശേഷി കുറയ്ക്കും. സുരക്ഷിത നിക്ഷേപമെന്ന തോന്നാല്‍ ഒഴിവാക്കി നിക്ഷേപകർ മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞാല്‍ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിനു താഴോട്ടുവരും. അതേസമയം, സ്വർണവില വീണ്ടും ഇടിയുമെന്ന ആശങ്ക കനത്തതോടെ സ്വർണം വിറ്റുകാശാക്കാനുള്ള നീക്കങ്ങളും ദ്രുതഗതിയിലാണ്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 50,000 കിലോ സ്വർണം ഇന്ത്യക്കാർ വിറ്റു പണം വാങ്ങിയെന്ന് കണക്ക്. സ്വര്‍ണവില കുറഞ്ഞതോടെ ഈ ഓട്ടം വിപണിയില്‍ ദൃശ്യമായിട്ടുണ്ട്. കയ്യിലുള്ള സ്വര്‍ണത്തിനു ഏറ്റവും കൂടുതല്‍ വില ഉറപ്പുവരുത്താനാണ് സ്വര്ണവില്പനയ്ക്ക് ഉപഭോക്താക്കള്‍ ഒരുങ്ങുന്നത്. പവന് ഒരു ലക്ഷത്തിലും താഴെ 80000 രൂപയോളം വന്നാല്‍ പിന്നീട് വില്ക്കാന് ശ്രമിച്ചാല്‍ വലിയ നഷ്ടം വരും. എന്തായാലും സ്വര്‍ണവിപണിയെ ഉറ്റുനോക്കുകയാണ് ഇന്ത്യയിലെ സ്വര്‍ണപ്രേമികള്‍. വില്‍ക്കലും വാങ്ങലുമെല്ലാം സ്വര്‍ണവിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാകും.
