Home » Blog » kerala Max » റെജി ചെറിയാൻ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്ന് ആരോപണം; അപകടത്തിന് പിന്നാലെ ഒളിവിൽ പോയെന്ന് ഡി.വൈ.എഫ്.ഐ
reji-cheriyan_11zon-1024x556

എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ആരോപണവുമായി ഡിവൈഎഫ്‌ഐ. എംഎല്‍എ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് ജെയിംസ് സാമുവലിന്റെ ആരോപണം. അപകടത്തിന് പിന്നാലെ എംഎല്‍എ മുങ്ങിയതായും ജെയിംസ് സാമുവല്‍ ആരോപിച്ചു. എംഎല്‍എയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ജെയിംസ് സാമുവല്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡിവൈഎഫ്ഐ നേതാവിൻ്റെ ആരോപണം.

ഇന്ന് രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടമുണ്ടായത്. നെടുമുടി ആശാരി പറമ്പില്‍ സുനീഷി(22)നായിരുന്നു പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. ചമ്പക്കുളം ജലമേള കഴിഞ്ഞ് ആലപ്പുഴയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പോകുകയായിരുന്നു റെജി ചെറിയാന്‍. ചമ്പക്കുളത്തുവെച്ച് യുവാവിന്റെ ബൈക്കും എംഎല്‍എയുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുനീഷ്. ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ സുനീഷിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. യുവാവിനെ ആദ്യം ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.