Your Image Description Your Image Description

 

നഗരത്തിന്റെ വിശപ്പിന് 10 രൂപമാത്രം ഈടാക്കി പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍ 30 രൂപ വീതം വകയിരുത്തിയാണ് ആഹാരം ഉറപ്പാക്കുന്നത്.

ചിന്നക്കടയിലെ ബസ്‌ബേയില്‍ രാവിലെ ഏഴ് മുതല്‍ 9.30 വരെയാണ് ഭക്ഷണവിതരണം. ഇഡ്ഡ്‌ലി, അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയാണ് മെനുവിലുള്ളത്. കടലക്കറി, കിഴങ്ങ് കറി, സാമ്പാര്‍ എന്നിവയാണ് കറികള്‍. ഭക്ഷണം പാഴ്‌സലായി ലഭിക്കില്ല.

300 പേര്‍ക്കുള്ള ഭക്ഷണമാണ് പ്രതിദിനം വിതരണംചെയ്യുന്നത്. കുടിക്കാനുള്ള വെള്ളവും നല്‍കും. ചായക്ക് 10 രൂപ അധികം നല്‍കണം. നാലില്‍ കൂടുതല്‍ എണ്ണം പലഹാരം വേണമെങ്കിലും 10 രൂപ കൂടിയാകും. ഓരോ ദിവസവും ഓരോ വിഭവം. ആശ്രാമത്തെ സ്‌നേഹിത കുടുംബശ്രീ പ്രവര്‍ത്തക രജിതയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. സംസ്ഥാത്ത് ആദ്യമായാണ് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി.

ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന 10 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ളതാണ്. ആഹാരം വിതരണം ചെയ്യുന്നതിനുള്ള സൗകര്യാര്‍ഥം പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളില്‍ കൂടി കൗണ്ടറുകള്‍ തുടങ്ങുന്നത് പരിഗണനയിലാണെന്ന് മേയര്‍ ഹണി പറഞ്ഞു.

Related Posts