Home » Blog » Kerala » ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധിക്കുമ്പോൾ, കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ വിമർശിച്ച് സോണിയ ഗാന്ധി
6

ന്യൂഡൽഹി: ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെയും ഇസ്രായേലിനോടുള്ള സമീപനത്തെയും ചോദ്യം ചെയ്താണ് സോണിയയുടെ പ്രതികരണം. ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്.

ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ച സോണിയ ഗാന്ധി, പലസ്തീനികളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉൾപ്പെടെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഗാസയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ വലിയൊരു വിഭാഗം കുട്ടികളാണെന്നും വിദ്യാലയങ്ങളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ടെന്നും സോണിയ പറഞ്ഞു.

ഹമാസ് നടത്തിയ ആക്രമണം അപലപനീയമാണെങ്കിലും, അതിന് ഇസ്രായേൽ നൽകുന്ന തിരിച്ചടി വിവേചനരഹിതവും അതിരുകടന്നതുമായ നടപടികളായി മാറിയെന്നും അവർ വിമർശിച്ചു. അമേരിക്കയുടെ പിന്തുണ കാരണം ഐക്യരാഷ്ട്രസഭയ്ക്ക് ശക്തമായ നടപടി സ്വീകരിക്കാൻ പരിമിതികളുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ഇസ്രായേലിനെതിരെ കൂടുതൽ ശക്തമാകുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതും, ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം പുനഃപരിശോധിക്കുകയോ ആയുധവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്ത സാഹചര്യത്തിൽ, ഇന്ത്യയുടെ നിലവിലെ നിലപാട് ആശങ്കാജനകമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ ഭരണനേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലും കേന്ദ്ര സർക്കാർ പ്രതികരിക്കാത്തത് ചോദ്യങ്ങൾ ഉയർത്തുന്നതായും അവർ കൂട്ടിച്ചേർത്തു.